< Back
India
മാതാപിതാക്കളെയും സഹോദരിയെയും കുത്തിക്കൊന്ന 19കാരന്‍ ഓണ്‍ലൈന്‍ ഗെയിമിന് അടിമയെന്ന് പൊലീസ്
India

മാതാപിതാക്കളെയും സഹോദരിയെയും കുത്തിക്കൊന്ന 19കാരന്‍ ഓണ്‍ലൈന്‍ ഗെയിമിന് അടിമയെന്ന് പൊലീസ്

Web Desk
|
12 Oct 2018 11:11 AM IST

കുറ്റസമ്മതം നടത്തിയെങ്കിലും ഇത്രയും ഭീകരമായ ക്രൂരത ചെയ്തിട്ടും സൂരജ് അല്‍പം പോലും കുറ്റബോധം പ്രകടിപ്പിച്ചില്ലെന്ന് പൊലീസ്

ഡല്‍ഹിയില്‍ മാതാപിതാക്കളെയും സഹോദരിയെയും കുത്തിക്കൊന്ന 19കാരന്‍ സൂരജ് വര്‍മ ഓണ്‍ലൈന്‍ ഗെയിമിന് അടിമയായിരുന്നുവെന്ന് പൊലീസ്. ക്ലാസ്സില്‍ പോവാതെ കൂട്ടുകാര്‍ക്കൊപ്പം സൂരജ് മെഹ്‍റൌലിയിലെ വാടക വീട്ടിലാണ് പകല്‍ ചെലവഴിക്കാറുണ്ടായിരുന്നത്. ഇവിടെയിരുന്ന് അക്രമാസക്തമായ വീഡിയോ ഗെയിമുകള്‍ കളിക്കുകയാണ് സൂരജ് ചെയ്തിരുന്നതെന്ന് പൊലീസ് പറഞ്ഞു.

സുഹൃത്തുക്കള്‍ക്ക് പ്രിയപ്പെട്ടവനായിരുന്നു സൂരജ്. എന്തുംചെയ്യാന്‍ ധൈര്യമുള്ളയാള്‍ എന്നാണ് സൂരജിനെ കുറിച്ച് സുഹൃത്തുക്കള്‍ക്കുള്ള അഭിപ്രായം. 10 പേരടങ്ങുന്ന വാട്സ് ആപ്പ് ഗ്രൂപ്പിലാണ് ക്ലാസ് കട്ട് ചെയ്യുന്നതിനെ കുറിച്ചും കറങ്ങാൻ പോകുന്നതിനെക്കുറിച്ചുമൊക്കെ ചര്‍ച്ചകള്‍ നടന്നിരുന്നത്. സൂരജ് ശാന്തനായ കുട്ടിയാണെന്നാണ് ബന്ധുക്കളുടെ അഭിപ്രായം. എന്നാല്‍ സൂരജിനെ ചൊല്ലി വീട്ടില്‍ സ്ഥിരമായി വഴക്കുണ്ടാവാറുണ്ടായിരുന്നുവെന്ന് അയല്‍വാസികള്‍ പറയുന്നു.

കുറ്റസമ്മതം നടത്തിയെങ്കിലും ഇത്രയും ഭീകരമായ ക്രൂരത ചെയ്തിട്ടും സൂരജ് അല്‍പം പോലും കുറ്റബോധം പ്രകടിപ്പിച്ചില്ലെന്ന് പൊലീസ് പറഞ്ഞു. തന്നെ നിയമത്തില്‍ നിന്നും രക്ഷിക്കൂ എന്നാണ് സൂരജ് ആവര്‍ത്തിക്കുന്നത്. സൂരജിന്‍റെ മാതാപിതാക്കളുടെയും സഹോദരിയുടെയും മൃതദേഹങ്ങള്‍ ബന്ധുക്കള്‍ സംസ്കരിച്ചു. അന്ത്യകര്‍മം ചെയ്യാന്‍ സൂരജിനെ അനുവദിക്കണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടില്ല.

ഡല്‍ഹിയില്‍ മിഥിലേഷ് വര്‍മ്മ (45), ഭാര്യ സിയ ദേവി(40), മകള്‍ നേഹ വര്‍മ്മ (15) എന്നിവര്‍ കൊല്ലപ്പെട്ട സംഭവത്തിലാണ് മകന്‍ സൂരജ് പിടിയിലായത്. കൊല ചെയ്ത ശേഷം സൂരജ് സ്വയം കയ്യില്‍ മുറിവേല്‍പിച്ചു. പിന്നീട് നിലവിളിച്ച് അയല്‍വാസികളെ വിളിച്ചു. മോഷ്ടാക്കളാണ് മാതാപിതാക്കളെയും സഹോദരിയെയും കൊന്നത് എന്നാണ് സൂരജ് പറഞ്ഞത്. പക്ഷേ പൊലീസെത്തി നടത്തിയ പരിശോധനയില്‍ വീട്ടില്‍ നിന്ന് വിലപ്പെട്ടതൊന്നും നഷ്ടമായിട്ടില്ലെന്ന് കണ്ടെത്തി. വാതില്‍ അകത്തു നിന്ന് പൂട്ടിയ നിലയിലായിരുന്നു. പിന്നെങ്ങനെ മോഷ്ടാക്കള്‍ ഉള്ളില്‍ കടന്നുവെന്ന ചോദ്യത്തിന് സൂരജിന് ഉത്തരമില്ലായിരുന്നു. വിശദമായ പരിശോധനയില്‍ കൊല്ലാന്‍ ഉപയോഗിച്ച കത്തി കണ്ടെത്തി. ഇതോടെയാണ് സൂരജ് കുറ്റം സമ്മതിച്ചത്.

പഠനത്തില്‍ ശ്രദ്ധിക്കാത്തതിനും ക്ലാസില്‍ കയറാതിരുന്നതിനും പട്ടം പറത്തി സമയം കളഞ്ഞതിനും മാതാപിതാക്കള്‍ ദേഷ്യപ്പെട്ടതാണ് കൊലയ്ക്ക് കാരണമെന്നാണ് സൂരജ് ചോദ്യംചെയ്യലില്‍ സമ്മതിച്ചത്.

Related Tags :
Similar Posts