< Back
India
മീ ടൂവിന് രാഹുലിന്‍റെ പിന്തുണ
India

മീ ടൂവിന് രാഹുലിന്‍റെ പിന്തുണ

Web Desk
|
12 Oct 2018 1:05 PM IST

സത്യങ്ങള്‍ വിളിച്ച് പറഞ്ഞാലെ മാറ്റമുണ്ടാകൂ എന്ന് മീ ടൂ ക്യാമ്പയിന്‍റെ ഭാഗമായ സ്ത്രീകള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി

ലൈംഗികാതിക്രമങ്ങള്‍ തുറന്ന് പറയാന്‍ പ്രോത്സാഹിപ്പിക്കുന്ന മീ ടൂ ക്യാമ്പയിനില്‍ കുടുങ്ങിയ കേന്ദ്രമന്ത്രി എം.ജെ അക്ബര്‍ രാജിവെക്കണമെന്ന ആവശ്യം ശക്തമാകുന്നു. സത്യങ്ങള്‍ വിളിച്ച് പറഞ്ഞാലെ മാറ്റമുണ്ടാകൂ എന്ന് മീ ടൂ ക്യാമ്പയിന്‍റെ ഭാഗമായ സ്ത്രീകള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു.

അക്ബറിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് രാഹുല്‍ ഗാന്ധി പ്രതികരണവുമായി എത്തിയത്. എം.ജെ അക്ബറിന്‍റെ പേര് പരാമര്‍ശിക്കാതെയാണ് മാറ്റങ്ങള്‍ ഉണ്ടാകണമെങ്കില്‍ സത്യം വിളിച്ചുപറയണമെന്ന് രാഹുല്‍ ട്വീറ്റ് ചെയ്തത്. സ്ത്രീകളോട് ബഹുമാനത്തോടെ ഇടപെടണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

നൈജീരിയയില്‍ ഔദ്യോഗിക സന്ദര്‍ശനം തുടരുന്ന എം.ജെ അക്ബര്‍ ഞാറാഴ്ച ഇന്ത്യയില്‍ തിരിച്ചെത്തും. ശേഷം അക്ബറിനോട് വിശദീകരണം തേടാനാണ് സര്‍ക്കാര്‍ തീരുമാനം. തൃപ്തികരമല്ലെങ്കില്‍ രാജി ആവശ്യപ്പെടും. ‌

അക്ബറിനെതിരായ ആരോപണത്തില്‍ ബി.ജെ.പിയും ആര്‍.എസ്.എസും ഇതുവരെ ഔദ്യോഗിക പ്രതികരണത്തിന് തയ്യാറായിട്ടില്ല. വെളിപ്പെടുത്തലുകള്‍ മാത്രം പരിഗണിക്കാനാകില്ലെന്നും മന്ത്രിക്ക് പറയാനുള്ളത് കൂടി കേട്ട ശേഷമേ അന്വേഷണം നടത്തൂ എന്നും കേന്ദ്രമന്ത്രി രാം ദാസ് അതാവാലെ പറഞ്ഞു.

എന്നാല്‍ തുറന്ന് പറച്ചില്‍ നടത്തുന്ന സ്ത്രീകള്‍ക്ക് പിന്തുണയുമായി കേന്ദ്ര മന്ത്രിസഭയിലെ വനിതാ അംഗങ്ങളായ നിര്‍മ്മല സീതാരാമന്‍, സ്മൃതി ഇറാനി തുടങ്ങിയവര്‍ രംഗത്തെത്തി. 9 വനിതാ മാധ്യമ പ്രവര്‍ത്തകര്‍ ഇതുവരെ അക്ബറിനെതിരെ ലൈംഗികാതിക്രമ ആരോപണം ഉന്നയിച്ചു കഴിഞ്ഞു.

Similar Posts