< Back
India
ശബരിമലയിൽ സംഘ്പരിവാർ മുതലെടുപ്പ് നടത്തുന്നു; സർക്കാരിനെ പിന്തുണച്ച് കനിമൊഴി
India

ശബരിമലയിൽ സംഘ്പരിവാർ മുതലെടുപ്പ് നടത്തുന്നു; സർക്കാരിനെ പിന്തുണച്ച് കനിമൊഴി

Web Desk
|
28 Oct 2018 12:44 AM IST

ശബരി മല വിഷയത്തിൽ മുതലെടുപ്പ് നടത്താനാണ് സംഘ്പരിവാർ ശ്രമിക്കുന്നതെന്ന് രാജ്യസഭാ അംഗവും തമിഴ്നാട് മുൻ മുഖ്യമന്ത്രി കരുണാനിധിയുടെ മകളുമായ കനിമൊഴി. ബഹ്റൈനിൽ തമിഴ് സാഹിത്യ സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയപ്പോൾ മാധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അവർ.

ലിംഗവിവേചനത്തിനെതിരെയുള്ള നിലപാടെന്ന രീതിയിൽ പരക്കെ സ്വാഗതം ചെയ്യപ്പെടേണ്ട വിധിയാണ് ശബരിമല വിഷയത്തിൽ സുപ്രീം കോടതിയിൽ നിന്നുണ്ടായതെന്ന് രാജ്യസഭാഗവും കവയിത്രിയുമായ കനിമൊഴി പറഞ്ഞു. വിഷയം വൈകാരികമായി മുതലെടുക്കാനാണ് സംഘ്പരിവാർ ശ്രമിക്കുന്നത്. തൻ്റെ പാർട്ടി ഡി.എം.കെ സുപ്രീം കോടതി വിധിയോടൊപ്പം നിലകൊണ്ടിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. കേരളത്തിൻ്റെ പുരോഗമനസ്വഭാവത്തിന് അനുയോജ്യമായ നിലപാടാണ് കേരള മുഖ്യമന്ത്രി പിണറായി വിജയൻ്റെത്. സമ്മർദങ്ങൾക്ക് വഴങ്ങാതെ നിശ്ചയദാർഢ്യത്തോടെയുള്ള മുഖ്യമന്ത്രിയുടെ നിലപാട് അഭിനന്ദനീയമാണെന്നും കനിമൊഴി പറഞ്ഞു. തമിഴ്പ്രവാസികളുടെ സംഘടനയായ 'കലജ്ഞർ സെൻമുഴി പേരവെ' സംഘടിപ്പിക്കുന്ന സാഹിത്യ സമ്മേളനത്തിൽ പങ്കെടുക്കാനാണ് കനിമൊഴി ബഹ്റൈനിലെത്തിയത്.

Similar Posts