< Back
India
കോടതി നിര്‍ദേശത്തിന് പുല്ലുവില; ഡല്‍ഹിയില്‍ പടക്കം പൊട്ടിച്ച് ദീപാവലി ആഘോഷം; അന്തരീക്ഷ മലിനീകരണ തോത് റെക്കോര്‍ഡില്‍
India

കോടതി നിര്‍ദേശത്തിന് പുല്ലുവില; ഡല്‍ഹിയില്‍ പടക്കം പൊട്ടിച്ച് ദീപാവലി ആഘോഷം; അന്തരീക്ഷ മലിനീകരണ തോത് റെക്കോര്‍ഡില്‍

ഇര്‍ഫാന ഷെറിന്‍
|
8 Nov 2018 11:39 AM IST

രാവിലെ മലിനീകരണം ഏറ്റവും ഉയര്‍ന്ന തോതായ 999ല്‍ എത്തി. മോണിറ്ററില്‍ രേഖപ്പെടുത്താവുന്ന ഉയര്‍ന്ന തോതാണിത്.

ദീപാവലി കഴിഞ്ഞതോടെ ഡല്‍ഹിയില്‍ വീണ്ടും പുകമഞ്ഞ് രൂക്ഷം. ആനന്ദ് വിഹാര്‍ അടക്കമുള്ള പ്രദേശങ്ങളില്‍ രാവിലെ മലിനീകരണം ഏറ്റവും ഉയര്‍ന്ന തോതായ 999ല്‍ എത്തി. മോണിറ്ററില്‍ രേഖപ്പെടുത്താവുന്ന ഉയര്‍ന്ന തോതാണിത്.

സുപ്രീംകോടതിയുടെ നിര്‍ദേശങ്ങള്‍ പൂര്‍ണമായി തള്ളുന്ന രീതിയിലായിരുന്നു രാത്രി പടക്കം ഉപയോഗം. ദീപാവലിക്ക് രാത്രി 8 മുതല്‍ 10 മണിവരെമാത്രം പടക്കം പൊട്ടിക്കാം. അതും ഹരിത പടക്കം മാത്രം. സുപ്രീംകോടതിയുടെ ഈ നിര്‍ദേശങ്ങളെല്ലാം കാറ്റില്‍ പറത്തിയായിരുന്നു ഇന്നലെ അര്‍ധരാത്രിയിലെ ദീപാവലി ആഘോഷം. ശക്തമായ പൊലീസ് പരിശോധനക്കിടയിലും പലയിടത്തും സാധാരണ പടക്കങ്ങളുടെ വില്‍പന നടന്നു. നേരം പുലരുവോളം നിരോധിച്ച പടക്കങ്ങള്‍ വിവിധ ഭാഗങ്ങലില്‍ പൊട്ടിക്കുന്നുണ്ടായിരുന്നു.

''ദീപാവലിക്ക് ശേഷം മലിനീകരണം രൂക്ഷമാണ്. കണ്ണുകള്‍ക്ക് നീറ്റല്‍ അനുഭവപ്പെടുന്നുണ്ട്. ശ്വസിക്കാനും ബുദ്ധിമുട്ടുണ്ട്.'' എന്‍.ഡി.എം.സി ശുചീകരണ തൊഴിലാളി ദ്രൌപതി പറയുന്നു. രാവിലെ ആയതോടെ അന്തരീക്ഷ മലിനീകരണ തോത് റെക്കോര്‍ഡിലെത്തി. ഡല്‍ഹിയുടെ സമീപ പ്രദേശങ്ങളായ നോയിഡ, ഗാസിയാബാദ്, ഗുരുഗ്രാം എന്നിവിടങ്ങളിലും സ്ഥിതി സമാനമാണ്.

ഇന്നലെ ഉച്ചവരെ പടക്കമുപയോഗം കുറവായിരുന്നത് പ്രതീക്ഷ നല്‍കിയിരുന്നു എങ്കിലും രാത്രിയോടെ ലഭ്യത വര്‍ധിക്കുകയായിരുന്നു. ഉത്തര്‍പ്രദേശിലും ഹരിയാനയിലും ഉയര്‍ന്ന മലിനീകരണ തോതാണിന്ന് രേഖപ്പെടുത്തിയിട്ടുള്ളത്. സുപ്രീംകോടതി നിര്‍ദേശം ലക്ഷക്കണക്കിന് രൂപക്ക് പടക്കം സംഭരിച്ചിരുന്നവരെ നഷ്ടത്തിലാക്കുകയാണെന്ന് ആരോപിച്ച് ഇന്നലെ ഗാസിയാബാദില്‍ വ്യാപാരികള്‍ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചിരുന്നു.

Similar Posts