< Back
India
വെറുതേ വീട്ടിലിരിക്കാന്‍ മനസ്സ് വന്നില്ല; ഓണ്‍ലെെനിലൂടെ ഷണ്‍മുഖ പ്രിയ ഇന്ന് സമ്പാദിക്കുന്നത് ലക്ഷങ്ങള്‍
India

വെറുതേ വീട്ടിലിരിക്കാന്‍ മനസ്സ് വന്നില്ല; ഓണ്‍ലെെനിലൂടെ ഷണ്‍മുഖ പ്രിയ ഇന്ന് സമ്പാദിക്കുന്നത് ലക്ഷങ്ങള്‍

Web Desk
|
20 Nov 2018 12:24 AM IST

ഇരുപത് പീസ് സാരി-സൽവാറുകൾ വാങ്ങി അതിന്റെ ചിത്രങ്ങൾ ഫേസ്ബുക്ക്-വാട്ട്സ്ആപ്പ് വഴി തന്റെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും അയച്ച് കൊടുത്ത് കൊണ്ടാണ് പ്രിയ തന്റെ സംരംഭം ആരംഭിക്കുന്നത്.

2014ൽ ‘യുണീക്ക് ത്രെഡ്സ്’ എന്ന തന്റെ ഓൺലെെൻ സംരംഭം ആരംഭിക്കുമ്പോൾ ഷൺമുഖ പ്രിയ വിചാരിച്ചു കാണില്ല, ഒരിക്കലത് രണ്ടായിരത്തോളം പേരുടെ ഉപജീവനത്തിനുള്ള മാർഗമായി തീരുമെന്ന്. നാലു വർഷം കൊണ്ട് വലിയ വളർച്ച നേടിയ ‘യുണീക്ക് ത്രെഡ്സ്’ സ്വന്തമായൊരു ബ്രൻഡ് ഉണ്ടാക്കിയെടുക്കുന്നതിനൊപ്പം, വീട്ടിൽ ഇരുന്നു കൊണ്ട് ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന ഒരുപാട് സ്ത്രീകൾക്കുള്ള പ്രചോദനം കൂടിയാവുകയായിരുന്നു.

ചെറിയൊരു സംരംഭമായി തുടങ്ങിയ ഷൺമുഖ പ്രിയയുടെ ‘യുണീക്ക് ത്രെഡ്സ്’ നിലവിൽ 2000ത്തോളം കച്ചവടക്കാർക്കാണ് ഓൺലെെൻ വഴി സാരികളും, സൽവാറുകളും എത്തിച്ച് നൽകുന്നത്. നാലു വർഷം മുമ്പ് തന്റെ ഭർതൃമാതാവ് മരിക്കുന്നതോടെയാണ് പ്രിയ തന്റെ കോർപ്പറേറ്റ് ജോലി ഉപേക്ഷിക്കുന്നത്. അന്ന് മൂന്ന് മാസം പ്രായമുള്ള മകനെ പരിചരിക്കേണ്ടതുള്ളതിനാൽ, വീട്ടിൽ ഇരുന്ന് കൊണ്ട് തന്നെ ചെയ്യാൻ കഴിയുന്ന ഒരു ജോലിയെ കുറിച്ചായി പിന്നീട് പ്രിയയുടെ ചിന്ത.

ഇരുപത് പീസ് സാരി-സൽവാറുകൾ വാങ്ങി അതിന്റെ ചിത്രങ്ങൾ ഫേസ്ബുക്ക്-വാട്ട്സ്ആപ്പ് വഴി തന്റെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും അയച്ച് കൊടുത്ത് കൊണ്ടാണ് പ്രിയ തന്റെ സംരംഭം ആരംഭിക്കുന്നത്. ആ വസ്ത്രങ്ങളെല്ലാം തന്നെ കുറഞ്ഞ ദിവസത്തിനകം വിറ്റു പോയി. മുപ്പതിനായിരം രൂപാ നിക്ഷേപവുമായി തുടങ്ങി ഇന്ന്, മാസം ഒന്നര ലക്ഷം രൂപ വരുമാനം നേടി തരുന്ന വിജയകരമായ ഒരു പദ്ധതിയായി അത് മാറി. തന്റെ ഉപഭോക്താക്കളിൽ 80 ശതമാനവും സ്ത്രീകളാണെന്നാണ് ഷൺമുഖ പ്രിയ പറയുന്നത്. കച്ചവടക്കാര്‍ക്കു പുറമെ, വിദ്യാർഥിനികൾ, വീട്ടമ്മമാർ, ‍ഡോക്ടർമാർ, ഉദ്യോഗാർഥികൾ എന്നിങ്ങനെ വിവിധ തരക്കാർ തന്റെ ഉത്പന്നങ്ങൾ വാങ്ങിക്കുന്നവരായുണ്ടെന്ന് അവർ പറയുന്നു.

തന്റെ ഭർതൃമാതാവ് വളരെ വലിയ പ്രോത്സാഹനമാണ് ജീവിതത്തിലുടനീളം നൽകി പോന്നിരുന്നതെന്ന് പ്രിയ പറയുന്നു. മുമ്പ് ഞാൻ മാസം 70,000 രൂപ മാസ ശമ്പളം വാങ്ങിയിരുന്ന ഉദ്യോഗാര്‍ഥിയായിരുന്നു. അമ്മ ഉണ്ടായിരുന്നുവെങ്കിൽ ഇന്നത്തെ തങ്ങളുടെ നേട്ടത്തിൽ കൂടുതൽ സന്തോഷിക്കുക അവരായിരിക്കുമെന്നും പ്രിയ പറയുന്നു.

കച്ചവടാവശ്യാർഥം എഴുപതിനായിരത്തോളം അംഗങ്ങളുള്ള ഫേസ്ബുക്ക്
ഗ്രൂപ്പ് നിയന്ത്രിക്കുന്നുണ്ട് പ്രിയ. ഇതിനു പുറമേ, പത്തോളം വാട്സ്ആപ്പ്
ഗ്രൂപ്പുകളുമുണ്ട്. ഒരു ഓഫീസിൽ ജോലി ചെയ്യുന്നതു പോലെ കൃത്യ സമയം വെച്ച് ചെയ്തു തീർക്കാവുന്ന കാര്യമല്ല ഇതെന്ന് പ്രിയ പറയുന്നു. വീടിന്റെ ഒരു നില ഉത്പന്നങ്ങൾ സൂക്ഷിക്കാൻ സ്റ്റോറായി മാറ്റിയിരിക്കുകയാണ്. ആവശ്യക്കാർ ഏത് സമയത്തും ഓൺലെെനിൽ വരാം. അവരാവശ്യപ്പെടുന്ന മെറ്റീരിയലിന്റെ ചിത്രം കണ്ടെത്തി അയച്ച് കൊടുക്കേണ്ടി വരും. ഒരുപാട് സ്വയം പ്രചോദനം ആവശ്യമുള്ള ഒരു പണിയാണ് ഇതെന്ന് പ്രിയ സൂചിപ്പിക്കുന്നു.

ഷൺമുഖ പ്രിയ ഇന്ന് സംതൃപ്തയാണ്. ചെറിയ കാൽവെപ്പായി കൊണ്ട് തുടങ്ങി, വലിയ തിരക്കു പിടിച്ച ഓൺലെെൻ ശൃഖലയായി വളർന്നു എങ്കിലും, താൻ ഇല്ലാതെ തന്നെ ബിസിനസ് മുന്നോട്ട് പോവുന്ന സ്ഥിതിയിലെത്തിയിട്ടുണ്ട്. ഒരുപാട് പേരുടെ പരസ്പര വിശ്വാസത്തിൻ മേൽ കെട്ടിപ്പടുത്ത സംരംഭമാണിതെന്ന് പ്രിയ പറയുന്നു. എന്നോടുള്ള വിശ്വാസത്തിന്റെ പുറത്ത് അവർ എനിക്ക് വസ്ത്രങ്ങൾ വിൽക്കുന്നു. ഞാനത് എന്നെ വിശ്വസിക്കുന്നവർക്ക് കെെമാറുന്നു. ഇന്ന് ഒരുപാട് പേർക്ക് കെെതാങ്ങാവാൻ സാധിച്ചതിലും, പ്രചോദനമാവാൻ സാധിച്ചതിലും സന്തോഷവും അഭിമാനം തോന്നുന്നതായും പ്രിയ പറയുന്നു

Similar Posts