< Back
India
എണ്ണ വിലയില്‍ 32% ഇടിവ്; എന്നിട്ടും ഇന്ധനവില കുറഞ്ഞത് 9-11% മാത്രം
India

എണ്ണ വിലയില്‍ 32% ഇടിവ്; എന്നിട്ടും ഇന്ധനവില കുറഞ്ഞത് 9-11% മാത്രം

Web Desk
|
27 Nov 2018 10:06 AM IST

ക്രൂഡോയിൽ വില ഒക്ടോബർ ആദ്യ ആഴ്ച 86.70 ഡോളറായിരുന്നത് കഴിഞ്ഞ ആഴ്ച 60 ഡോളറിന് താഴേക്ക് പോയിരുന്നു.

എണ്ണവിലയില്‍ ഇടിവ് സംഭവിക്കുമ്പോഴും രാജ്യത്ത് ഇന്ധനവിലയില്‍ കാര്യമായ കുറവില്ല. അസംസ്‌കൃത എണ്ണവില 32 ശതമാനം ഇടിഞ്ഞിട്ടും ഇന്ധനവില കുറഞ്ഞത് 9-11 ശതമാനം മാത്രം. ഡോളറിനെതിരെ രൂപയുടെ മൂല്യത്തിൽ കഴിഞ്ഞയാഴ്ച വൻതോതിൽ മുന്നേറ്റമുണ്ടായി. ഇതിന്റെ പ്രയോജനവും വിലയിൽ പൂർണമായി പ്രതിഫലിച്ചില്ല.

ക്രൂഡോയിൽ വില ഒക്ടോബർ ആദ്യ ആഴ്ച 86.70 ഡോളറായിരുന്നത് കഴിഞ്ഞ ആഴ്ച 60 ഡോളറിന് താഴേക്ക് പോയിരുന്നു. എന്നാൽ, പെട്രോളിന് 11.39 ശതമാനവും ഡീസലിന് 8.59 ശതമാനവും മാത്രമാണ് വില കുറഞ്ഞത്. പെട്രോള്‍ ലിറ്ററിന് 76.32 രൂപയും ഡീസലിന് 73 രൂപയുമായിരുന്നു കൊച്ചിയിൽ തിങ്കളാഴ്ചത്തെ വില.

അസംസ്‌കൃത എണ്ണയുടെ ഉത്പാദനം കൂടിയതാണ് എണ്ണ വിലയിടിവിന് കാരണം. ഇറാനിൽ നിന്നുള്ള എണ്ണ വാങ്ങുന്നതിനുള്ള നിയന്ത്രണത്തിൽ അമേരിക്ക അയവ് വരുത്തിയതോടെ വിപണിയിലേക്ക് കൂടുതൽ സ്റ്റോക്ക് എത്തുകയായിരുന്നു. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്കാണ് ഇറാനില്‍ നിന്ന് എണ്ണ വാങ്ങാൻ അവസരമുണ്ടായത്. എന്നാൽ, എണ്ണ വില ഇടിവിന്റെ ഗുണം ജനത്തിന് നൽകാതെ തങ്ങളുടെ ലാഭം ഉയർത്താന്‍ ശ്രമിക്കുകയാണ് എണ്ണക്കമ്പനികൾ.

വിലവർധനക്ക് താങ്ങായി ഒക്ടോബർ നാലിന് പെട്രോൾ, ഡീസൽ വില രണ്ടര രൂപ വീതം കുറച്ചിരുന്നു. ഇതിൽ ഒന്നര രൂപ കേന്ദ്ര എക്‌സൈസ് തീരുവയും ഒരു രൂപ എണ്ണക്കമ്പനികളുടെ വിഹിതവുമായിരുന്നു. വിലയിടിവ് തുടർന്നാൽ ഇത് പുനഃസ്ഥാപിക്കാനിടയുണ്ട്.

Similar Posts