< Back
India
ഇന്ത്യയുമായി മികച്ച നയതന്ത്രബന്ധം ആഗ്രഹിക്കുന്നുവെന്ന് പാക് പ്രധാനമന്ത്രി
India

ഇന്ത്യയുമായി മികച്ച നയതന്ത്രബന്ധം ആഗ്രഹിക്കുന്നുവെന്ന് പാക് പ്രധാനമന്ത്രി

Web Desk
|
28 Nov 2018 8:58 PM IST

തീവ്രവാദവും ഉഭയകക്ഷി ചര്‍ച്ചയും ഒന്നിച്ച് പോകില്ലെന്ന് വിദേശ കാര്യമന്ത്രി സുഷമാ സ്വരാജ് പറഞ്ഞു

ഇന്ത്യക്കും പാക്കിസ്ഥാനുമിടയില്‍ സമാധാനത്തിന് ആഹ്വാനം ചെയ്ത് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍‌. ഒട്ടേറെ യുദ്ധങ്ങള്‍ക്ക് ശേഷം ഫ്രാന്‍സും ജര്‍മ്മനിയും സമാധാനം കണ്ടെത്തിയെങ്കില്‍, ഇന്ത്യക്കും പാക്കിസ്ഥാനും എന്ത് കൊണ്ട് പറ്റില്ലെന്ന് കര്‍താര്‍പൂര്‍ ഇടനാഴിയുടെ തറക്കല്ലിടല്‍ ചടങ്ങില്‍ ഇമ്രാന്‍ഖാന്‍ ചോദിച്ചു. എന്നാല്‍ തീവ്രവാദവും സമാധാനവും ഒന്നിച്ച് പോകില്ലെന്നും സാര്‍ക്ക് ഉച്ചകോടിയില്‍ അടക്കം പങ്കെടുക്കില്ലെന്നും ഇന്ത്യ വ്യക്തമാക്കി.

ഇന്ത്യയിലും പാക്കിസ്ഥാനിലുമുള്ള സിഖ് തീര്‍ത്ഥാടക കേന്ദ്രങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന ഇടനാഴിയാണ് കര്‍താര്‍പുരിലേത്. ഇതിന്‍റെ പാക് ഭാഗത്തെ തറക്കല്ലിടല്‍ ചടങ്ങിലായിരുന്നു ഇമ്രാന്‍ ഖാന്റെ നിര്‍ണായക പ്രസംഗം. ഇന്ത്യക്കും പാക്കിസ്ഥാനമിടയിലെ ഏക പ്രശ്നം കശ്മീര്‍ ആണ്. ഇത് പരിഹരിക്കാന്‍ ശേഷിയുള്ള നേതൃത്വമാണ് ഇരുപക്ഷത്തുമുണ്ടാകേണ്ടതെന്ന് ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

കേന്ദ്രമന്ത്രി ഹര്‍സിംമ്രത്ത് കൌര്‍ ബാദലും, കോണ്‍ഗ്രസ്സ് നേതാവും പഞ്ചാബ് മന്ത്രിയുമായ നവജോത് സിംഗ് സിദ്ദുവും ചടങ്ങില്‍ പങ്കെടുത്തു. പാക് പ്രധാന മന്ത്രിയെ പ്രകീര്‍ത്തിച്ച് ചടങ്ങില്‍ സിദ്ദു കവിത ചൊല്ലി പ്രസംഗിച്ചു. സിദ്ദുവിന്‍റെ ഈ പ്രസംഗം വിവാദമായിട്ടുണ്ട്. ഈ സന്ദര്‍ശനം സിദ്ദു വ്യക്തിപരമായി നടത്തിയതാണെന്ന് കോണ്‍ഗ്രസ്സ് വിശദീകരിച്ചു.

അതേ സമയം പാക്ക് അതിര്‍ത്തിയില്‍ ഭീകര നീക്കം തുടരവെ, കര്‍താര്‍‌പൂര്‍ ഇടനാഴിയുടെ പേരില്‍ സമാധാന ചര്‍ച്ചക്ക് പാക്കിസ്ഥാന്‍ ആവശ്യമുന്നയിക്കുന്നതിനെ ഇന്ത്യ വിമര്‍ശിച്ചു. പാക് പ്രധാനമന്ത്രിയുടെ വാക്കുകള്‍ ദൌര്‍ഭാഗ്യകരമാണ്. ഇരു രാജ്യങ്ങളിലെയും സിഖ് സമുദായത്തിന്‍റെ താല്‍പര്യം മാനിച്ചാണ് കര്‍താര്‍പൂര്‍ ഇടനാഴിയില്‍ ധാരണ ഉണ്ടാക്കിയത്. എന്നാല്‍ ആ ചടങ്ങ് ഇമ്രാന്‍ ഖാന്‍ രാഷ്ട്രീയ നേട്ടത്തിനുപയോഗിച്ചു. കശ്മീര്‍ ഇന്ത്യയുടെ അഭിവാജ്യ ഘടകമാണെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. തീവ്രവാദവും ഉഭയകക്ഷി ചര്‍ച്ചയും ഒന്നിച്ച് പോകില്ലെന്ന് വിദേശ കാര്യമന്ത്രി സുഷമാ സ്വരാജും പറഞ്ഞു.

തീവ്രവാദത്തെ പ്രാല്‍സാഹിപ്പിക്കുന്നത് അവസാനിപ്പിക്കാതെ പ്രധാനമന്ത്രി നരേന്ദ്രമോദി സാര്‍ക്ക് ഉച്ചകോടിയില്‍ പങ്കെടുക്കില്ല എന്നും ഇന്ത്യ വ്യക്തമാക്കി.

Similar Posts