< Back
India
മറാത്ത സംവരണ ബില്‍ മഹാരാഷ്ട്ര നിയമസഭ പാസാക്കി 
India

മറാത്ത സംവരണ ബില്‍ മഹാരാഷ്ട്ര നിയമസഭ പാസാക്കി 

Web Desk
|
29 Nov 2018 4:42 PM IST

മഹാരാഷ്ട്ര നിയമസഭ ഐകകണ്ഠേന പാസാക്കി. ഇതോടെ വിദ്യാഭ്യാസത്തിനും സര്‍ക്കാര്‍ ജോലിയിലും മറാത്ത വിഭാഗക്കാര്‍ക്ക് 16 ശതമാനം സംവരണം ലഭിക്കും. 

സംസ്ഥാനത്തെ മറാത്ത വിഭാഗത്തിന് സംവരണം അനുവദിക്കുന്ന ബില്‍ മഹാരാഷ്ട്ര നിയമസഭ ഐകകണ്ഠേന പാസാക്കി. ഇതോടെ വിദ്യാഭ്യാസത്തിനും സര്‍ക്കാര്‍ ജോലിയിലും മറാത്ത വിഭാഗക്കാര്‍ക്ക് 16 ശതമാനം സംവരണം ലഭിക്കും. സാമൂഹ്യപരമായും വിദ്യാഭ്യാസപരമായും പിന്നോക്കം നില്‍ക്കുന്ന വിഭാഗമായി പരിഗണിച്ചാണ് മറാത്ത വിഭാഗത്തിന് സംവരണം നല്‍കിയിരിക്കുന്നത്. മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് ആണ് നിയമസഭയില്‍ ബില്‍ അവതരിപ്പിച്ചത്.

മഹാരാഷ്ട്രയിലെ ജനസംഖ്യയുടെ 30 ശതമാനമാണ് മറാത്ത വിഭാഗം. കഴിഞ്ഞ ജൂലൈയിലും ആഗസ്റ്റിലും സംവരണാവശ്യം ഉന്നയിച്ച് മറാത്ത വിഭാഗക്കാര്‍ നടത്തിയ പ്രക്ഷോഭം അക്രമാസക്തമായിരുന്നു. ഇതേ തുടര്‍ന്ന് വിഷയം പഠിക്കാന്‍ സര്‍ക്കാര്‍ കമ്മീഷനെ നിയോഗിക്കുകയായിരുന്നു. ഈ പിന്നോക്ക വിഭാഗ കമ്മീഷന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മറാത്ത വിഭാഗത്തിന് സംവരണം അനുവദിച്ച് ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചതും പാസ്സാക്കിയതും.

പ്രതിപക്ഷത്തിന്റെ പിന്തുണയും ബില്ലിനുണ്ട്. മറാത്ത സംവരണ ബില്ലിന് അനുകൂലമായി വോട്ടു ചെയ്യാൻ ബി.ജെ.പിയും ശിവസേനയും എം.എൽ.എമാർക്ക് വിപ്പ് നൽകിയിരുന്നു. ബിൽ പാസാക്കാൻ ഒപ്പം നിന്ന പ്രതിപക്ഷത്തിന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട് നാവിസ് നന്ദിയറിയിച്ചു. ഭരണഘടനയുടെ അനുച്ഛേദം 15(4), 16(4) എന്നിവ പ്രകാരമാണ് മറാത്ത വിഭാഗത്തിന് സംവരണം ലഭിക്കുക.

കോൺസ് - എൻ.സി.പി സഖ്യസർക്കാർ മറാത്തകൾക്ക് സംവരണം നൽകാൻ നേരത്തെ തീരുമാനമെടുത്തിരുന്നു. എന്നാൽ, ഈ ഉത്തരവ് ബോംബെ ഹൈകോടതി സ്റ്റേ ചെയ്യുകയായിരുന്നു. തുടർന്നാണ് സംവരണത്തെ കുറിച്ച് പഠിക്കാൻ കമ്മീഷനെ വെച്ചത്. നവംബർ 15ന് കമ്മീഷന്‍ റിപ്പോർട്ട് സമര്‍പ്പിച്ചിരുന്നു.

Similar Posts