
പ്രതീക്ഷിച്ചത് ലക്ഷംപേരെ; ആര്‍.എസ്.എസിന്റെ സങ്കല്‍പ് രഥ യാത്രയ്ക്ക് എത്തിയത് നൂറുപേര്‍മാത്രം
|ആര്‍.എസ്.എസ് ആസ്ഥാനത്തിന് സമീപമുള്ള ഝണ്ഡേവാല ക്ഷേത്രത്തിന് സമീപത്തു നിന്നാണ് ഇന്നലെ സങ്കല്‍പ് രഥയാത്ര ആരംഭിച്ചത്. ഒമ്പതുദിവസത്തിന് ശേഷം, ഡിസംബര്‍ 9 ന് രാംലീല മൈതാനിയില്‍ യാത്ര സമാപിക്കും.
അയോധ്യയിൽ രാമക്ഷേത്ര നിര്‍മ്മാണത്തിനുള്ള ഓര്‍ഡിനന്‍സോ, നീക്കമോ എത്രയും പെട്ടെന്ന് ഉണ്ടാകണമെന്നാവശ്യപ്പെട്ട് ആര്‍.എസ്.എസ് തുടക്കം കുറിച്ച സങ്കല്‍പ് രഥ യാത്രയ്ക്ക് ജനപങ്കാളിത്തമില്ല. ലക്ഷം പേരെ പ്രതീക്ഷിച്ചാണ് ആര്‍.എസ്.എസ് ഡല്‍ഹിയില്‍ റാലി നടത്തിയതെങ്കിലും എത്തിച്ചേര്‍ന്നത് നൂറോളം പേര്‍ മാത്രം.
ആര്‍.എസ്.എസ് ആസ്ഥാനത്തിന് സമീപമുള്ള ഝണ്ഡേവാല ക്ഷേത്രത്തിന് സമീപത്തു നിന്നാണ് ഇന്നലെ സങ്കല്‍പ് രഥയാത്ര ആരംഭിച്ചത്. ഒമ്പതുദിവസത്തിന് ശേഷം, ഡിസംബര്‍ 9 ന് രാംലീല മൈതാനിയില്‍ യാത്ര സമാപിക്കും. ആര്‍.എസ്.എസിന്റെ തന്നെ ഭാഗമായ സ്വദേശി ജാഗരണ്‍ മഞ്ച് ആണ് സംഘാടകര്‍.

യാത്രയുടെ ഓരോ ഘട്ടത്തിലും പ്രവര്‍ത്തകര്‍ ചേരുമെന്നും യാത്ര അവസാനിക്കുന്ന ദിവസം അത് ആറുമുതല്‍ എട്ടുലക്ഷം വരെ പ്രവര്‍ത്തകര്‍ അടങ്ങുന്ന ഒരു ജനസഞ്ചയമായിരിക്കുമെന്നുമുള്ള വിശദീകരണമാണ് സ്വദേശി ജാഗരണ്‍ മഞ്ചിന്റെ കോ കണ്‍വീനര്‍ കമല്‍ തിവാരി നല്‍കുന്നത്. യാത്രയുടെ തുടക്കം എന്ന് പറയുന്നത് ഒരു ഘട്ടമാണ്. ആ പ്രദേശത്തെ പ്രവര്‍ത്തകര്‍ മാത്രമാണ് അപ്പോള്‍ പങ്കെടുത്തത്. അടുത്ത ഘട്ടത്തിലെത്തുമ്പോള്‍ വീണ്ടും അതിലേക്ക് 100-200വരെ പ്രവര്‍ത്തകര്‍ ചേരും. അങ്ങനെ വ്യത്യസ്ത സ്ഥലങ്ങളില്‍ വെച്ച് നൂറ് നൂറ് പ്രവര്‍ത്തകര്‍ ചേര്‍ന്ന് ചേര്‍ന്ന് യാത്രയുടെ അവസാനം രാം ലീല മൈതാനിയിലെത്തുമ്പോഴേക്കും 6-8 ലക്ഷം ജനങ്ങളുടെ പങ്കാളിത്തമുണ്ടാകും- കമല്‍ തിവാരി പറഞ്ഞു.

ലോക്സഭ തെരഞ്ഞടുപ്പ് മുന്നില്‍ കണ്ട് രാമക്ഷേത്ര നിര്‍മ്മാണത്തിന് വേഗം കൂട്ടുക എന്ന ആവശ്യമുയര്‍ത്തി ആര്‍.എസ്.എസും വിശ്വഹിന്ദു പരിഷത്തും സമ്മര്‍ദ്ദം ശക്തമാക്കുകയാണ്. സുപ്രീം കോടതി അയോധ്യാ കേസ് വൈകിപ്പിക്കുകയാണെന്നും അതിനാല്‍ കേന്ദ്രസര്‍ക്കാര്‍ എത്രയും പെട്ടന്ന് ഓര്‍ഡിനന്‍സിലൂടെ ക്ഷേത്രനിര്‍മാണത്തിന് അനുകൂല സാഹചര്യമൊരുക്കണമെന്നുമാണ് ഈ തീവ്രവലതുപക്ഷ സംഘടനകളുടെ ആവശ്യം.
തങ്ങളുടെ റാലി തന്നെ സുപ്രീം കോടതിക്കുള്ള ഒരു സന്ദേശമാണ്. ചെറിയ കേസുകള്‍ക്ക് രാത്രി പോലും തുറന്നിരുന്നിട്ടുണ്ട് കോടതി. രാമക്ഷേത്ര നിര്‍മാണം ഒരു പ്രധാന പൊതുപ്രശ്നമാണെന്ന് കോടതി എന്തുകൊണ്ട് മനസ്സിലാക്കുന്നില്ലെന്നും ആര്‍.എസ്. എസ് പ്രവര്‍ത്തകര്‍ ചോദിക്കുന്നു.