
മന്ത്രിമാര്‍ക്ക് പോലും പിടികൊടുക്കാതെ മുഖ്യമന്ത്രി കെ.സി.ആര്‍; ഭരണം നിയന്ത്രിക്കുന്നത് ഫാം ഹൗസിലിരുന്ന്
|സാധാരണക്കാരില്‍ നിന്ന് മാത്രമല്ല, മാധ്യമങ്ങള്‍ക്കും സ്വന്തം പാർട്ടിക്കാർക്കുപോലും അപ്രാപ്യനാണ് മുഖ്യമന്ത്രി എന്നാണ് ജനങ്ങളുടെ അനുഭവം
സാധാരണ ജനങ്ങളെ കയ്യിലെടുക്കുന്ന നിരവധി ക്ഷേമ പദ്ധതികള്‍ പ്രഖ്യാപിക്കുകയും കർഷകനെന്ന് അവകാശപ്പെടുകയും ചെയ്യുന്നയാളാണ് തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു. പക്ഷെ, സാധാരണക്കാരില്‍ നിന്ന് മാത്രമല്ല, മാധ്യമങ്ങള്‍ക്കും സ്വന്തം പാർട്ടിക്കാർക്കുപോലും അപ്രാപ്യനാണ് അദ്ദേഹമെന്നാണ് ജനങ്ങളുടെ അനുഭവം.

ഗജ് വേലില്‍ നൂറേക്കറോളം വരുന്ന ഫാം ഹൌസിലാണ് കെ.സി.ആറിന്റെ വാസം. ദൂരെ ചുവന്ന ഹെലികോപ്ടര്‍ കാണാം. പാറാവ് നില്‍ക്കുന്ന പൊലീസുകാരല്ലാതെ, ഫാം ഹൌസിന് പുറത്തും ഏക്കറുകണക്കിന് ചുറ്റളവില്‍ ആളനക്കമേയില്ല.
മുഖ്യമന്ത്രി സെക്രട്ടേറിയറ്റിലേക്ക് പോകാത്തതിന് കാരണമുണ്ട്. ഓഫീസിന്റെ വാസ്തു ശരിയല്ലത്രെ. സര്‍ക്കാരിന്റെ ദൈനംദിന കാര്യങ്ങള്‍ നോക്കി നടത്തുന്നത് മകന്‍ കെ.ടി രാമറാവുവും, മരുമകന്‍ ഹരീഷ് റാവും ചേര്‍ന്നാണ്. കാര്യങ്ങള്‍ ഇങ്ങനെയാണെങ്കിലും, സാധാരണക്കാരുടെ മനസ്സുകളില്‍ അടുത്താണ് കെ.സി.ആറിന്റെ സ്ഥാനമെന്നതാണ് കൌതുകം.