
ബുലന്ദ്ശഹറിലെ അക്രമം ആസൂത്രണം ചെയ്തത് വി.എച്ച്.പിയും ബജ്‌റംഗദളുമെന്ന് കോണ്‍ഗ്രസ്
|അക്രമം നടക്കുമ്പോൾ ലൈറ്റ് ആൻഡ് സൗണ്ട് ഷോ ആസ്വദിക്കുകയായിരുന്നു മുഖ്യമന്ത്രി യോഗി ആദിത്യനാഥെന്ന് കപില്‍ സിബല്‍
ബുലന്ദ്ശഹറില്‍ പൊലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയത് ആസൂത്രിത ഗൂഢാലോചനയിലൂടെയെന്ന് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. വി.എച്ച്.പി, ബജ്‌റംഗദൾ എന്നീ സംഘടനകൾ ആസൂത്രിതമായാണ് കൊലപാതകം നടത്തിയത്. അക്രമം നടക്കുമ്പോൾ ലൈറ്റ് ആൻഡ് സൗണ്ട് ഷോ ആസ്വദിക്കുകയായിരുന്നു മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അക്രമത്തെപ്പറ്റി മൗനം പാലിക്കുകയാണ് യോഗിയെന്നും കപിൽ സിബൽ വിമര്‍ശിച്ചു.

ബുലന്ദ്ശഹറില്‍ ഗോവധം നടന്നുവെന്ന് ആരോപിച്ചുണ്ടായ അക്രമത്തില്‍ പൊലീസ് ഉദ്യോഗസ്ഥനും യുവാവും കൊല്ലപ്പെട്ട സംഭവത്തില്‍ ഉത്തര്‍പ്രദേശ് ക്യാബിനറ്റ് മന്ത്രി ഒ.പി രാജ്ഭറും സമാന ആരോപണം ഉന്നയിച്ചു. അക്രമങ്ങള്‍ക്ക് പിന്നില്‍ സംഘ്പരിവാര്‍ സംഘടനകളുടെ ഗൂഢാലോചനയാണെന്നാണ് യോഗി സര്‍ക്കാരില്‍ ഘടകക്ഷിയായ എസ്.ബി.എസ്.എസ്.പി നേതാവും മന്ത്രിയുമായ ഒ.പി രാജ്ഭര്‍ പറഞ്ഞത്. ഉത്തര്‍പ്രദേശിലെ സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമമാണിതെന്നും അദ്ദേഹം ആരോപിച്ചു.

സുബോദ് സിംഗിന് നേരെ രണ്ട് തവണ വധശ്രമമുണ്ടായെന്ന് ഭാര്യ പറഞ്ഞു. എന്നിട്ടും സുരക്ഷ നല്‍കുന്ന കാര്യത്തിലടക്കം പൊലീസ് ശ്രദ്ധിച്ചില്ലെന്നും ഭാര്യ വിശദീകരിച്ചു. സുബോദ് സിംഗിന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോട ജന്മനാട്ടില്‍ സംസ്കരിച്ചു. വധക്കേസില്‍ അഞ്ച് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒന്നാം പ്രതിയായ ബംജറംഗ് ദള്‍ പ്രവര്‍ത്തകന്‍ യോഗേഷ് രാജ് ഉള്‍പ്പെടെയുള്ളവരാണ് അറസ്റ്റിലായത്.