< Back
India
ഇ.വി.എമ്മിനെതിരെ പരാതി:  കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു
India

ഇ.വി.എമ്മിനെതിരെ പരാതി:  കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു

Web Desk
|
4 Dec 2018 8:35 PM IST

ഇ.വി.എം സൂക്ഷിച്ച സ്ട്രോങ് റൂമിലേക്ക് വാഹനം ഇടിച്ച് കയറ്റിയതും വോട്ടിങ് യന്ത്രങ്ങൾ സ്കൂൾ വാനിൽ കൊണ്ടുപോയതും അടക്കമുള്ള ആരോപണങ്ങളിൽ അന്വേഷണം വേണമെന്നാണ് ആവശ്യം.

മധ്യപ്രദേശില്‍ ഇലക്ട്രോണിക് ‌വോട്ടിങ് യന്ത്രങ്ങളെക്കുറിച്ചുള്ള പരാതിയുമായി വീണ്ടും കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. ഇ.വി.എം ദുരുപയോഗം തടയണമെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടുള്ള നിവേദനവും കൈമാറി. മുതിർന്ന കോൺഗ്രസ് നേതാക്കളായ അഹമ്മദ് പട്ടേൽ, കപിൽ സിബൽ, കമൽനാഥ്, വിവേക് തൻഹ എന്നിവരാണ് കമ്മീഷനെ കണ്ട് പരാതി നൽകിയത്.

ഇ.വി.എം സൂക്ഷിച്ച സ്ട്രോങ് റൂമിലേക്ക് വാഹനം ഇടിച്ച് കയറ്റിയതും വോട്ടിങ് യന്ത്രങ്ങൾ സ്കൂൾ വാനിൽ കൊണ്ടുപോയതും അടക്കമുള്ള ആരോപണങ്ങളിൽ അന്വേഷണം വേണമെന്നാണ് ആവശ്യം. ഇന്നലെയാണ് സത്‌നയില്‍ വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന സ്‌ട്രോങ് റൂമിലേക്ക് വാഹനം ഇടിച്ചുകയറ്റിയത്. സംഭവത്തിന് പിന്നാലെ സംഘടിച്ചെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വാഹനത്തിലുണ്ടായിരുന്ന ആറ് പേരില്‍ രണ്ട് പേരെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. സ്‌ട്രോങ് റൂമിന് പുറത്തെ ക്യാമറകള്‍ സ്ഥാപിക്കാതിരുന്നതിലും ദുരൂഹതയുണ്ട്.

ഭോപ്പാലിലെ സ്‌ട്രോങ് റൂമില്‍ ഒരു മണിക്കൂറിലധികം സി.സി.ടി.വി ക്യാമറ പ്രവര്‍ത്തനരഹിതമായതും വൈദ്യുതി മുടങ്ങിയതും വിവാദമായിരുന്നു. ആഭ്യന്തരമന്ത്രിയുടെ മണ്ഡലത്തിലെ വോട്ടിങ് യന്ത്രങ്ങള്‍ വോട്ടെടുപ്പ് കഴിഞ്ഞ് രണ്ട് ദിവസത്തിന് ശേഷമാണ് സ്‌ട്രോങ് റൂമിലെത്തിച്ചത്.

ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ ദുരുപയോഗം കമ്മീഷന് മുന്നിൽ ചൂണ്ടിക്കാട്ടിയ നേതാക്കള്‍ തെലങ്കാന തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ അമിത് ഷാ നടത്തിയ വര്‍ഗീയ പരാമര്‍ശത്തില്‍ നോട്ടീസ് അയക്കണമെന്നും ആവശ്യപ്പെട്ടു.

Similar Posts