< Back
India
സുബോദ് കുമാര്‍ സിംഗിന്റെ കൊലപാതകം; 5 പേര്‍ അറസ്റ്റില്‍
India

സുബോദ് കുമാര്‍ സിംഗിന്റെ കൊലപാതകം; 5 പേര്‍ അറസ്റ്റില്‍

Web Desk
|
4 Dec 2018 12:30 PM IST

അഖ്ലാക്ക് കേസ് അന്വേഷണത്തിനിടെ സ്ഥലം മാറ്റപ്പെട്ട ഉദ്യോഗസ്ഥനായ സുബോദ് കൊല്ലപ്പെട്ടതില്‍ ദുരൂഹതയുണ്ടെന്നാണ് ഉയരുന്ന ആരോപണം.

ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ ആള്‍ക്കൂട്ടം പോലീസ് ഉദ്യോഗസ്ഥനെ കൊല്ലപ്പെടുത്തിയ സംഭവത്തില്‍ അഞ്ച് പേരെ അറസ്റ്റ് ചെയ്തു. ഒന്നാം പ്രതിയായ ബംജറംഗ് ദള്‍ പ്രവര്‍ത്തകന്‍ യോഗേഷ് രാജ് ഉള്‍പ്പെടെയുള്ളവരാണ് അറസ്റ്റിലായിത്. അഖ്ലാക്കിന്‍റെ കൊലക്കേസ് അന്വേഷിച്ചിരുന്ന പോലീസ് ഉദ്യോഗസ്ഥനായ സുബോധ് കുമാറിനെ ഇന്നലെ ആള്‍ക്കൂട്ടം ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു.

കണ്ണിന് മുകളില്‍ വെടിയേറ്റാണ് സുബോധ് കുമാര്‍ മരിച്ചതെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. അക്രമികള്‍ സര്‍വീസ് റിവോള്‍വര്‍ തട്ടിയെടുത്തശേഷം സുബോധിനെ വെടിവെക്കുകയായിരുന്നു. എങ്ങനെയാണ് അക്രമികള്‍ക്കിടയില്‍ സുബോധ് കുമാര്‍ ഒറ്റപ്പെട്ട് പോയതെന്നും ആക്രമണം എങ്ങനെ നടന്നുവെന്നും പ്രത്യേക അന്വേഷണം സംഘം അന്വേഷിക്കും.

നിലവില്‍ അഞ്ച് പേരെയാണ് പോലീസ് സംഭവത്തില്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഒന്നാം പ്രതിയായ യോഗേഷ് രാജ് ബജറംഗ് ദള്‍ പ്രവര്‍ത്തകനാണ്. ഇയാളാണ് ഗോവധം നടന്നുവെന്ന് പരാതിപ്പെട്ടത്. എഫ്.ഐ.ആറില്‍ 27പേര്‍ക്കെതിരെയും കണ്ടാല്‍ അറിയാവുന്ന 60പേര്‍ക്കെതിരെയും കേസ് രജിസറ്റര്‍ ചെയ്തു. അക്രമസംഭവങ്ങള്‍ നിയന്ത്രണവിധേയമാക്കാന്‍ ശ്രമികുമ്പോഴായിരുന്നു പൊടുന്നനെ സുബോധിനെതിരെ അക്രമികള്‍ തിരിഞ്ഞത്.

അഖ്ലാക്ക് കേസ് അന്വേഷണത്തിനിടെ സ്ഥലം മാറ്റപ്പെട്ട ഉദ്യോഗസ്ഥനായ സുബോദ് കൊല്ലപ്പെട്ടതില്‍ ദുരൂഹതയുണ്ടെന്നാണ് ഉയരുന്ന ആരോപണം. അക്രമിസംഘം ഒരു പോലീസ് സ്റ്റേഷന്‍ കത്തിക്കുകയും നിരവധി വാഹനങ്ങള്‍ക്ക് തീയിടുകയും ചെയ്തിരുന്നു. അക്രമത്തില്‍ മറ്റൊരു യുവാവും കൊല്ലപ്പെട്ടിരുന്നു.

Similar Posts