< Back
India
വനിതാ ഹോസ്റ്റലില്‍ ഒന്‍പത് ഒളിക്യാമറകള്‍ സ്ഥാപിച്ച ഉടമ പിടിയില്‍ 
India

വനിതാ ഹോസ്റ്റലില്‍ ഒന്‍പത് ഒളിക്യാമറകള്‍ സ്ഥാപിച്ച ഉടമ പിടിയില്‍ 

Web Desk
|
5 Dec 2018 3:25 PM IST

ഹോസ്റ്റലിലെ കിടപ്പുമുറി, ഹാള്‍, കുളിമുറി എന്നിവിടങ്ങളിലാണ് ഒളിക്യാമറകള്‍ കണ്ടെത്തിയത്.

ചെന്നൈയിലെ ഒരു വനിതാ ഹോസ്റ്റലില്‍ ഒളിക്യാമറകള്‍ സ്ഥാപിച്ച ഹോസ്റ്റല്‍ ഉടമയെ അറസ്റ്റ് ചെയ്തു. തിരുച്ചിറപ്പള്ളി സ്വദേശി സമ്പത്ത് രാജ് (48)ആണ് അറസ്റ്റിലായത്. ആദമ്പാക്കത്തെ ഹോസ്റ്റലിലാണ് ഒളിക്യാമറ കണ്ടെത്തിയത്.

ഹോസ്റ്റലിലെ കിടപ്പുമുറി, ഹാള്‍, കുളിമുറി എന്നിവിടങ്ങളിലാണ് ഒളിക്യാമറകള്‍ കണ്ടെത്തിയത്. ഹോസ്റ്റലിന്‍റെ അറ്റകുറ്റപ്പണികള്‍ക്കെന്ന് പറഞ്ഞ് സമ്പത്ത് ഇടയ്ക്കിടെ ഹോസ്റ്റല്‍ സന്ദര്‍ശിക്കുമായിരുന്നു. അതോടെയാണ് താമസക്കാരികള്‍ക്ക് സംശയം തോന്നിത്തുടങ്ങിയത്. ഏഴ് പേരാണ് അവിടെ താമസിച്ചിരുന്നത്.

ഇലക്ട്രിക് സോക്കറ്റുകളിലും ബള്‍ബിലുമൊക്കെയാണ് സമ്പത്ത് ഒളിക്യാമറകള്‍ ഘടിപ്പിച്ചത്. ഹോസ്റ്റലില്‍ താമസിച്ചിരുന്ന ഒരു ടീച്ചര്‍ ഹെയര്‍ ഡ്രയര്‍ സോക്കറ്റില്‍ പ്ലഗ് ചെയ്യാന്‍ കഴിയാതെ വന്നപ്പോള്‍ നടത്തിയ പരിശോധനയിലാണ് ഒളിക്യാമറ കണ്ടെത്തിയത്.

സമ്പത്ത് രാജിനോട് ഇക്കാര്യം ചോദിച്ചപ്പോള്‍ പുറത്തുപറഞ്ഞാല്‍ നഗ്നചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി. തുടര്‍ന്ന് ടീച്ചര്‍ പൊലീസില്‍ പരാതി നല്‍കി. പൊലീസ് നടത്തിയ പരിശോധനയില്‍ വേറെ എട്ട് ക്യാമറകള്‍ കൂടി കണ്ടെത്തി. ചോദ്യംചെയ്യലില്‍ താന്‍ തന്നെയാണ് ക്യാമറകള്‍ സ്ഥാപിച്ചതെന്ന് സമ്പത്ത് രാജ് സമ്മതിച്ചു. മൊബൈല്‍ ഫോണുകളും ലാപ്‍ടോപ്പും ഇയാളില്‍ നിന്ന് പിടിച്ചെടുത്തു. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

Related Tags :
Similar Posts