
ബുലന്ദ്ശഹര്‍; സബ് ഇന്‍സ്‌പെക്ടറെ കൊലപ്പെടുത്തിയ കേസില്‍ ബജ്‌റംഗ് ദള്‍ നേതാവിന് പിന്തുണയുമായി ബി.ജെ.പി എം.എല്‍.എ
|സിയാനി ജില്ല കേന്ദ്രീകരിച്ച് സംഘ്പരിവാര്‍ പദ്ധതിയിട്ട വര്‍ഗീയ കലാപത്തിന്റെ മുഖ്യസൂത്രധാരനെന്ന് സംശയിക്കപ്പെടുന്ന യോഗേഷ് രാജ് കഴിഞ്ഞ നാലു ദിവസമായി ഒളിവിലാണ്
ബുലന്ദ്ശഹറില്‍ സബ് ഇന്‍സ്‌പെക്ടറെ കൊലപ്പെടുത്തിയ കേസില്‍ പോലിസ് അന്വേഷിക്കുന്ന ബജ്‌റംഗ് ദള്‍ നേതാവ് യോഗേഷ് രാജിന് പിന്തുണയുമായി ബി.ജെ.പി എം.എല്‍.എ ദേവേന്ദ്ര സിംഗ് ലോധി. കേസന്വേഷണത്തിന്റെ ഭാഗമായി പോലിസ് വീട്ടിലെത്തുന്നത് ഒഴിവാക്കാന്‍ വേണ്ട നടപടി സ്വീകരിക്കുമെന്ന് ലോധി യോഗേഷിന്റെ കുടുംബത്തിന് വാക്കു കൊടുത്തു. യോഗേഷിനെ കേസില്‍ ഉള്‍പ്പെടുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ ഉടന്‍ കാണുമെന്നും എം.എല്‍.എ മീഡിയാവണ്ണിനോടു പറഞ്ഞു.
സിയാനി ജില്ല കേന്ദ്രീകരിച്ച് സംഘ്പരിവാര്‍ പദ്ധതിയിട്ട വര്‍ഗീയ കലാപത്തിന്റെ മുഖ്യസൂത്രധാരനെന്ന് സംശയിക്കപ്പെടുന്ന യോഗേഷ് രാജ് കഴിഞ്ഞ നാലു ദിവസമായി ഒളിവിലാണ്. സബ്ഇന്‍സ്‌പെക്ടര്‍ സുബോധ് കുമാര്‍ സിംഗിനെ വെടിവെച്ചതിനു പിന്നില്‍ ഇയാളാണെന്നാണ് പോലിസ് രജിസ്റ്റര്‍ ചെയ്ത കേസ്. ഹിന്ദുക്കള്‍ മാത്രമുള്ള മാഹാംവ് ഗ്രാമത്തിലെ വയലില്‍ അര്‍ധരാത്രിയില്‍ ആരോ കൊണ്ടിട്ട പശുക്കളുടെ ശരീരാവശിഷ്ടങ്ങള്‍ ഹൈവേയിലേക്ക് ട്രാക്ടറില്‍ കൊണ്ടുവന്നതും മുസ്‌ലിംകള്‍ പശുവിനെ അറുത്തതാണെന്ന് ആരോപിച്ച് ഹൈവേ തടഞ്ഞതും യോഗേഷിന്റെ നേതൃത്വത്തിലായിരുന്നു. വയലില്‍ നിന്നും 45 പശുക്കളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്നാണ് ദേവേന്ദ്ര സിംഗ് മീഡിയാവണിന് നല്‍കിയ അഭിമുഖത്തില്‍ കുറ്റപ്പെടുത്തിയത്.
യോഗേഷിനെ മാത്രമല്ല അദ്ദേഹത്തിന്റെ കുടുംബത്തെയും ചില വികല മനസ്‌കരായ ഉദ്യോഗസ്ഥര്‍ വേട്ടയാടുകയാണെന്നും അവര്‍ക്കെതിരെ നടപടിയെടുക്കാന്‍ താന്‍ ഉടന്‍ തന്നെ മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി ബന്ധപ്പെടുമെന്നും ലോധി പറഞ്ഞു.