
ബുലന്ദ്ശഹര്‍ കലാപം: ഒന്നാം പ്രതി യോഗേഷ് രാജ് അറസ്റ്റില്‍
|അക്രമങ്ങള്‍ക്കും കൊലപാതകത്തിനും നേതൃത്വം നല്‍കിയെന്ന കേസില്‍ ഒന്നാം പ്രതിയാണ് ബജ്‍രംഗ്ദള്‍ നേതാവ് യോഗേഷ് രാജ്.
ബുലന്ദ്ശഹറില്‍ പൊലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതിയായ ബജ്‍രംഗ്ദള്‍ നേതാവ് യോഗേഷ് രാജ് അറസ്റ്റില്‍. സംഭവം നടന്ന് നാല് ദിവസത്തിന് ശേഷമാണ് പ്രതി പിടിയിലായത്.

അക്രമത്തിന് ശേഷം യോഗേഷ് രാജ് ഒളിവിലായിരുന്നു. അക്രമങ്ങള്‍ക്കും കൊലപാതകത്തിനും നേതൃത്വം നല്‍കിയെന്ന കേസില്‍ ഒന്നാം പ്രതിയാണ് യോഗേഷ് രാജ്. ഒളിവിലായിരുന്നപ്പോള്‍ യോഗേഷ് രാജ് പുറത്ത് വിട്ട് വീഡിയോയില്‍ താന്‍ നിരപരാധിയാണെന്ന് അവകാശപ്പെട്ടു. ഗോവധം നടക്കുന്നത് താന്‍ കണ്ടുവെന്ന മൊഴിയും യോഗേഷ് രാജ് വീഡിയോയില്‍ തിരുത്തി. അറസ്റ്റ് സംബന്ധിച്ച് മറ്റ് വിവരങ്ങളൊന്നും പോലീസ് പുറത്ത് വിട്ടിട്ടില്ല.
ബുലന്ദ്ശഹര്‍ സംഘര്‍ഷത്തെ തുടര്‍ന്ന് വ്യാപക വിമര്‍ശനമാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ഉയരുന്നത്. ബുലന്ദ്ശഹര്‍ അക്രമത്തിന് ശേഷം ഗൊരഖ്പൂരില്‍ ആഘോഷ പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു യോഗി ആദിത്യനാഥ്. കൂടാതെ പൊലീസ് ഉന്നതതല യോഗത്തില്‍ പൊലീസ് ഉദ്യോഗസ്ഥന്‍റെ കൊലപാതക കേസോ അക്രമങ്ങളെ കുറിച്ചോ മുഖ്യമന്ത്രി പരാമര്‍ശം നടത്തുകയും ചെയ്തില്ല. ഗോവധം നടത്തിയവരെ പിടികൂടണമെന്നായിരുന്നു യോഗി ആദിത്യനാഥ് പൊലീസിന് നല്‍കിയ നിര്‍ദേശം. ഈ സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുമായി യോഗി ആദിത്യനാഥിന്‍റെ കൂടിക്കാഴ്ച.

ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്‍റെ കുടുംബം യോഗി ആദിത്യനാഥുമായി ഇന്ന് കൂട്ടികാഴ്ച നടത്തി. കൊല്ലപ്പെട്ട സുബോധ്കുമാറിന്‍റെ ഭാര്യയും രണ്ട് മക്കളും സഹോദരിയുമാണ് ലക്നൌവില്‍ മുഖ്യമന്ത്രിയുടെ വസതിയിലെത്തി യോഗി ആദിത്യനാഥിനെ കണ്ടത്.