
അഗസ്ത വെസ്റ്റ്ലാന്‍ഡ് കേസ്: കൂടുതല്‍ തെളിവുകള്‍ ലഭിച്ചതായി സി.ബി.ഐ
|അഗസ്ത വെസ്റ്റ് ലാന്‍റ് ഇടപാടില്‍ ഇടനിലക്കാരന്‍ ക്രിസ്ത്യന്‍ മിഷേലിനെ വിശദമായി ചോദ്യം ചെയ്യുന്നത് സി.ബി.ഐ രണ്ടാം ദിവസവും തുടരുന്നു.
അഗസ്ത വെസ്റ്റ് ലാന്‍റ് ഇടപാടില്‍ ഇടനിലക്കാരന്‍ ക്രിസ്ത്യന്‍ മിഷേലിനെ വിശദമായി ചോദ്യം ചെയ്യുന്നത് സി.ബി.ഐ രണ്ടാം ദിവസവും തുടരുന്നു. ഇതിനിടെ മിഷേല്‍ മറ്റൊരു ഇടനിലക്കാരന്‍ ഗയ്ഡോ ഹാഷ്കേക്ക് അയച്ച കത്തിലെ വിവരങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. ഒരു കുടുംബത്തിന് 22,000 യൂറോ കൈമാറി എന്ന് കത്തില്‍ പറയുന്നു.
ഇറ്റലിയിലെ മിലാന്‍ കോടതിയുടെ അഗസ്ത വെസ്റ്റ് ലാന്റ് കേസിലെ വിധിന്യായത്തിലാണ് ഇക്കാര്യങ്ങള്‍ പരാമര്‍ശിക്കുന്നത്. കേസുമായി ബന്ധപ്പെട്ട സ്വിസ് രേഖകളില്‍ 22,000 യൂറോ ഒരു കുടുംബത്തിന് നല്‍കിയതായി പറയുന്നുണ്ട്. ക്രിസ്ത്യന്‍മിഷേല്‍ മറ്റൊരു ഇടനിലക്കാരനായ ഗയ്ഡോ ഹാഷ്കേയ്ക്ക് അയച്ച കത്തിലാണ് ഇതു സംബന്ധിച്ച വിശദാംശങ്ങള്‍ ഉള്ളത്. നഷ്ടപരിഹാര തുക ആയാണ് ഈ പണം നല്‍കിയത്. 11,000 വീതം രണ്ട് തവണയായി കുടുംബത്തിന്റെ അക്കൌണ്ടിലേക്ക് ഇട്ടു. എന്നാല്‍ ഈ കുടുംബം ഏതെന്ന് വ്യക്തമല്ല.
കേസില്‍ കുറ്റം തെളിയിക്കുന്നതിന് പര്യാപ്തമായ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടി മിഷേലിനെയും അഗസ്ത, മാതൃ സ്ഥാപനമായ ഫിന്മെക്കാനിക്ക എന്നിവയുടെ മേധാവികളെയും അടക്കം എല്ലാവരെയും മിലാന്‍ കോടതി വെറുതെ വിട്ടിരുന്നു. കേസില്‍ പ്രതികളായ മുന്‍ വ്യോമ സേന മേധാവി എസ്പി. ത്യാഗിയുടെ കുടുംബത്തെയാണ് കത്തില്‍ സൂചിപ്പിച്ചിരിക്കുന്നത് എന്നാണ് ഇറ്റാലിയന്‍ പ്രോസിക്യൂഷന്റെ വിലയിരുത്തല്‍.
എന്നാല്‍ തെരഞ്ഞെടുപ്പുകള്‍ക്കിടെ കേസ് രാഷ്ട്രീയ ആയുധമാക്കുന്ന ബി.ജെ.പി സോണിയ ഗാന്ധിയും കുടുംബവുമാണ് അതെന്നാണ് ആരോപിക്കുന്നത്. രേഖകളിലുള്ള എ.പി എന്നത് കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലാണെന്നും പറയുന്നു. കൃത്യമായ തെളിവുകള്‍ കണ്ടെത്താനായിട്ടുണ്ടെന്നാണ് മിഷേലിനെ ചോദ്യം ചെയ്യുന്നത് തുടരുന്ന സിബിഐയുടെ പ്രതികരണം.