< Back
India
സൈന്യത്തെ വ്യക്തിപരമായി  ഉപയോഗിക്കുന്നതില്‍ മിസ്റ്റര്‍ 36ന് ലജ്ജയില്ല; ഹൂഡയെ അഭിനന്ദിച്ച് രാഹുല്‍ 
India

സൈന്യത്തെ വ്യക്തിപരമായി  ഉപയോഗിക്കുന്നതില്‍ മിസ്റ്റര്‍ 36ന് ലജ്ജയില്ല; ഹൂഡയെ അഭിനന്ദിച്ച് രാഹുല്‍ 

Web Desk
|
8 Dec 2018 6:20 PM IST

“സര്‍ജിക്കല്‍ സ്‌ട്രൈക്കിനെ മോദി രാഷ്ട്രീയ മൂലധനമാക്കി. റഫേല്‍ ഇടപാടിനെയാകട്ടെ അനില്‍ അംബാനിയുടെ മൂലധനം 30000 കോടിയിലേക്ക് ഉയര്‍ത്താനും ഉപയോഗിച്ചു”- രാഹുല്‍ ഗാന്ധി

‌നിയന്ത്രണരേഖ കടന്ന് ഇന്ത്യന്‍ സൈന്യം നടത്തിയ മിന്നലാക്രമണം രാഷ്ട്രീയവല്‍ക്കരിച്ചതിനെ വിമര്‍ശിച്ച മുന്‍ ലെഫ്റ്റനന്‍റ് ജനറല്‍ ഡി.എസ് ഹൂഡയെ അഭിനന്ദിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സൈന്യത്തെ സ്വകാര്യ സ്വത്തായി ഉപയോഗിക്കുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒരു ലജ്ജയുമില്ലെന്ന് രാഹുല്‍ വിമര്‍ശിച്ചു.

"യഥാര്‍ത്ഥ പട്ടാള ജനറലിനെ പോലെയാണ് താങ്കള്‍ സംസാരിച്ചത്. ഇന്ത്യ താങ്കളെ ഓര്‍ത്ത് അഭിമാനിക്കുന്നു. മിസ്റ്റര്‍ 36ന് നമ്മുടെ സൈന്യത്തെ വ്യക്തിപരമായി സ്വകാര്യ സ്വത്തായി ഉപയോഗിക്കുന്നതിന് യാതൊരു ലജ്ജയുമില്ല. സര്‍ജിക്കല്‍ സ്‌ട്രൈക്കിനെ അദ്ദേഹം രാഷ്ട്രീയ മൂലധനമാക്കി. റഫേല്‍ ഇടപാടിനെയാകട്ടെ അനില്‍ അംബാനിയുടെ മൂലധനം 30000 കോടിയിലേക്ക് ഉയര്‍ത്താനും ഉപയോഗിച്ചു"- എന്നാണ് രാഹുല്‍ ട്വീറ്റ് ചെയ്തത്.

2016 സെപ്തംബറിലെ ഉറി ഭീകരാക്രമണത്തിന് ശേഷം ഇന്ത്യന്‍ സേന നടത്തിയ മിന്നലാക്രമണത്തില്‍ പ്രധാന പങ്കുവഹിച്ചയാളാണ് വടക്കന്‍ മേഖല കമാണ്ടറായിരുന്ന ലഫ്റ്റനന്‍റ് ജനറല്‍ ഡി.എസ് ഹൂഡ. മിന്നലാക്രണം സൈന്യത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്നതായിരുന്നു എങ്കിലും അതിനെ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിച്ചത് ഒട്ടും ശരിയായില്ലെന്നാണ് ഹൂഡയുടെ വിമര്‍ശനം. ഇത് സൈന്യത്തിന് ഒട്ടും ഗുണം ചെയ്യില്ല. സാധാരണ ഗതിയില്‍ നടക്കുന്ന ഇത്തരം സൈനിക നീക്കങ്ങളില്‍ ചിലതുമാത്രം തെരഞ്ഞുപിടിച്ചു പുറത്തുവിടുന്നതും അമിത പ്രചാരം നല്‍കുന്നതും ഭാവിയില്‍ ദോഷം ചെയ്യുമെന്നും ഹൂഡ വിമര്‍ശിച്ചു.

കരസേന മേധാവി പരോക്ഷമായി ഹൂഡയെ പിന്തുണച്ചു. മിന്നലാക്രമണത്തില്‍ സുപ്രധാന പങ്കുവഹിച്ചയാളെന്ന നിലയില്‍ ഹൂഡയുടെ വാക്കുകളെ ബഹുമാനിക്കുന്നുവെന്നായിരുന്നു കരസേന മേധാവിയുടെ പ്രതികരണം.

Similar Posts