
രാമക്ഷേത്ര നിര്‍മ്മാണ ബില്‍ അവതരിപ്പിക്കണം; ഡല്‍ഹിയില്‍ വി.എച്ച്.പിയുടെ മെഗാറാലി ഇന്ന്
|പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം വരുന്ന ആഴ്ച നടക്കാനിരിക്കെയാണ് റാലി സംഘടിപ്പിച്ചിരിക്കുന്നത്.
രാമക്ഷേത്ര നിര്‍മ്മാണ ബില്‍ അവതരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ വി.എച്ച്.പിയുടെ മെഗാറാലി ഇന്ന് നടക്കും. പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം വരുന്ന ആഴ്ച നടക്കാനിരിക്കെയാണ് റാലി സംഘടിപ്പിച്ചിരിക്കുന്നത്. ഉത്തര്‍പ്രദേശില്‍ നിന്ന് രണ്ട് ലക്ഷത്തോളം പേരെ പങ്കെടുപ്പിച്ച് റാലി നടത്തുമെന്നാണ് വി.എച്ച്.പിയുടെ അവകാശവാദം. ഡല്‍ഹിയില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

രാമക്ഷേത്ര നിര്‍മ്മാണം സംബന്ധിച്ച വിഷയം സുപ്രിം കോടതിയുടെ പരിഗണനയില്‍ ഇരിക്കെയാണ് രാജ്യ തലസ്ഥാനത്ത് വന്‍ റാലി വി.എച്ച്.പി സംഘടിപ്പിക്കുന്നത്. . ഈ പതിനൊന്നിന് പാര്‍ലമെന്റിന്റെ ശൈത്യകാലസമ്മേളനം നടക്കാനിരിക്കെ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെ കൊണ്ട് അനുകൂല തീരുമാനമെടുപ്പിക്കണമെന്ന ഉദ്ദേശമാണ് വി.എച്ച്.പിക്കുള്ളത്. എന്നാല്‍ ബില്‍ ഈ ശൈത്യകാലസമ്മേളനത്തില്‍ അവതരിപ്പിക്കാന്‍ സാധ്യതയില്ലെന്ന സൂചനയാണ് ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷാ നല്‍കിയത്. കഴിഞ്ഞ പത്ത് ദിവസമായി വീടു കയറിയുള്ള പ്രചരണവും വി.എച്ച്.പി നടത്തിയിരുന്നു. ഈ പാര്‍ലമെന്റ് സമ്മേളനത്തില്‍ ബില്‍ അവതരിപ്പിച്ചില്ലെങ്കില്‍ വരുന്ന ധരം സന്‍സദില്‍ ഭാവി പരിപാടികള്‍ തീരുമാനിക്കുമെന്നാണ് വി.എച്ച്.പിയുടെ നിലപാട്. അലഹബാദില്‍ മഹാകുംഭമേള നടക്കുന്ന ജനുവരി 31 ഫെബ്രുവരി ഒന്ന് തിയതികളിലാണ് അടുത്ത ധരം സന്‍സദ് നടക്കുക.

റാലിയോട് അനുബന്ധിച്ച് കനത്ത സുരക്ഷയാണ് ഡല്‍ഹിയില്‍ ഒരുക്കിയിട്ടുള്ളത്. റാലിയില്‍ പ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ട് നേരത്തെ ഇന്റലിജന്‍സ് കേന്ദ്രസര്‍ക്കാരിന് കൈമാറിയിരുന്നു. ബുലന്ദ്ശഹറില്‍ പൊലീസ് ഉദ്യോഗസ്ഥന്റെ കൊലപാതകത്തിലേക്ക് നയിച്ച പ്രതിഷേധം സംഘടിപ്പിച്ചതിന് പിന്നാലെ വി.എച്ച്.പി സംഘടിപ്പിക്കുന്ന പരിപാടി കൂടിയാണ് ഇത്. രാംലീല മൈതാനിയില്‍ നടക്കുന്ന ധരംസന്‍സദില്‍ ആര്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുരേഷ് ജോഷി അടക്കമുള്ളവര്‍ പങ്കെടുക്കുന്നുണ്ട്.