
തറക്കലിടാത്ത മൂന്ന് സ്ഥാപനങ്ങള്‍ക്ക് കൂടി ശ്രേഷ്ഠപദവി; ജെ.എൻ.യു ഇപ്രാവശ്യവും പുറത്ത്
|ഇത് വരെ തറക്കലിടാത്ത മൂന്ന് സ്ഥാപനങ്ങള്‍ക്ക് ശ്രേഷ്ഠപദവി നൽകി കേന്ദ്ര നടപടി. ആർ.ബി.ഐ മുൻ ഗവർണർ രഘുറാം രാജൻ, വ്യവസായ പ്രമുഖൻ ആനന്ദ് മഹീന്ദ്ര എന്നിവരുടെ നേതൃത്വത്തിൽ ആന്ധ്രയിലെ ശ്രീസിറ്റിയിൽ ആരംഭിക്കുന്ന കെ.ആർ.ഇ.എ സർവകലാശാല, ഭാരതി എയർടെല്ലിന്റെ സത്യഭാരതി സർവകലാശാല, ബെംഗളൂരു ആസ്ഥാനമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹ്യൂമൻ സെറ്റിൽമെന്റ് എന്നിവയ്ക്കാണ് ഇക്കുറി ശ്രേഷ്ഠപദവി നല്‍കി സര്‍ക്കാര്‍ ശുപാര്‍ശ. സർക്കാർ അംഗീകാരം കൂടി ലഭിച്ചാൽ, 2019ൽ പ്രവേശന നടപടി പ്രഖ്യാപിച്ചിരിക്കുന്ന സ്ഥാപനങ്ങൾക്കിതു വലിയ നേട്ടമാവും.
പ്രവേശനനടപടി പ്രഖ്യാപിച്ചിരിക്കുന്ന സ്ഥാപനങ്ങളാണു ശുപാർശ പട്ടികയിൽ ഉൾപ്പെട്ട മൂന്ന് സ്ഥാപനങ്ങളും. ഭാരതി എയർടെല്ലിനു കീഴിൽ സത്യഭാരതി ഫൗണ്ടേഷന്റേതാണു സത്യഭാരതി സർവകലാശാല. അർബൻ പ്രഫഷനലുകളെ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ ബെംഗളൂരു ആസ്ഥാനമായി പ്രഖ്യാപിച്ചിരിക്കുന്ന സ്ഥാപനമാണ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹ്യൂമൻ സെറ്റിൽമെന്റ്.
റിലയൻസ് ജിയോ ഇൻസ്റ്റിറ്റ്യൂട്ടിനു തുടങ്ങും മുൻപേ ശ്രേഷ്ഠ പദവി നൽകിയതു നേരത്തെ വലിയ വിവാദമായിരുന്നു. മാനവവിഭവശേഷി മന്ത്രാലയത്തിന്റെ നാഷനൽ ഇൻസ്റ്റിറ്റ്യൂഷനൽ റാങ്കിങ് ഫ്രെയിംവർക്കിൽ (എൻഐആർഎഫ്) മുന്നിലെത്തിയ ജെ.എൻ.യുവിനെ പക്ഷെ പുതിയ പട്ടികയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇത് വലിയ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.