
വിജയ് മല്യയെ ഇന്ത്യക്ക് കൈമാറണമെന്ന് ലണ്ടന് കോടതി
|കോടികളുടെ വായ്പാ തട്ടിപ്പ് നടത്തി രാജ്യംവിട്ട വ്യവസായി വിജയ് മല്യയെ ഇന്ത്യക്ക് കൈമാറണമെന്ന് ലണ്ടൻ കോടതി. ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ മജിസ്ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്. വിധിക്കെതിരെ 14 ദിവസത്തിനകം മല്യക്ക് അപ്പീൽ നൽകാമെന്നും കോടതി വ്യക്തമാക്കി.
മുംബൈ ആർതർ റോഡ് ജയിലിലെ ബാരക്ക് നമ്പർ 12 ആണ് മല്യക്ക് വേണ്ടി ഇന്ത്യ ഒരുക്കിവെച്ചത്. കഴിഞ്ഞ വർഷം ഡിസംബർ നാലിനാണ് ലണ്ടനിലെ കോടതിയിൽ കേസിന്റെ വിചാരണ തുടങ്ങിയത്. ആദ്യം ഏഴു ദിവസത്തെ വിചാരണ നിശ്ചയിച്ച് പിന്നീട് നീണ്ടു പോവുകയായിരുന്നു. ഇൗ വർഷം ഏപ്രിലിലാണ് മല്യയെ വിട്ടുകിട്ടാൻ വാറൻറ് പുറപ്പെടുവിച്ചത്. തുടർന്ന് അറസ്റ്റിലായ മല്യ ജാമ്യം നേടി ലണ്ടനിൽ കഴിയുകയാണ്.
കഴിഞ്ഞയാഴ്ച വിധി വരുമെന്ന് പ്രതീക്ഷിച്ചിരിക്കെ വായ്പയെടുത്ത തുക പലിശയൊഴികെ മുഴുവനും തിരിച്ചടക്കാൻ തയാറാണെന്ന് മല്യ വെളിപ്പെടുത്തിയിരുന്നു. എന്നാൽ, ഇന്ത്യയിൽ നിന്ന് ആരും അനുകൂലമായി മല്യയുടെ ആവശ്യത്തോട് പ്രതികരിച്ചില്ല.
കിങ്ഫിഷർ എയർലൈൻസിന് വേണ്ടി 9000 കോടിയോളം രൂപ വായ്പയെടുത്ത് തിരിച്ചടക്കാതെ രാജ്യം വിട്ടതിനാണ് ഇന്ത്യ മല്യക്കെതിരെ കേസ് നടത്തുന്നത്.