
എന്തുകൊണ്ട് തോറ്റു ? ഈ ബി.ജെ.പി എം.പി പറഞ്ഞുതരും കൃത്യമായ ഉത്തരം
|രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തീസ്ഗഢിലും തെലങ്കാനയിലും ബി.ജെ.പി തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ പ്രചരണങ്ങളിലൊക്കെയും ശ്രദ്ധയൂന്നിയിരുന്നത്
അഞ്ച് നിയമസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ രാജ്യം ഭരിക്കുന്ന ബി.ജെ.പി തിരിച്ചടി ഏറ്റുവാങ്ങുമ്പോള്‍ സ്വയം വിമര്‍ശനം നടത്തുകയാണ് പാര്‍ട്ടി രാജ്യസഭാ എം.പി സഞ്ജയ് കകഡെ. രാജസ്ഥാനിലും ഛത്തീസ്ഗഢിലും ബി.ജെ.പി തോറ്റതില്‍ തനിക്ക് വലിയ അത്ഭുതമൊന്നുമില്ലെന്ന് പറയുന്നു സഞ്ജയ്. രാമ ക്ഷേത്ര നിര്‍മാണത്തിലും സ്ഥലപ്പേരുകള്‍ മാറ്റുന്നതിലും മാത്രമായി പോയി ബി.ജെ.പിയുടെ ശ്രദ്ധ.
''രാജസ്ഥാനിലും ഛത്തീസ്ഗഢിലും തോല്‍ക്കുമെന്ന് എനിക്ക് നേരത്തെ തന്നെ അറിയുമായിരുന്നു. പക്ഷേ മധ്യപ്രദേശില്‍ ബി.ജെ.പി നേരിടുന്ന വെല്ലുവിളി അത്ഭുതപ്പെടുത്തുന്നതാണ്. ഈ സംസ്ഥാനങ്ങളില്‍ ബി.ജെ.പി നേരിട്ട തിരിച്ചടികള്‍ക്ക് ചില കാരണങ്ങളുണ്ട്. അത് വേറൊന്നുമല്ല, വികസനം എന്ന അജണ്ട ബി.ജെ.പി മറന്നുപോയി. 2014 ലോക്സഭാ തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദി മുന്നോട്ടുവച്ച വികസനം എന്ന ആശയം നമ്മള്‍ മറന്നു. പിന്നെയെപ്പോഴോ പാര്‍ട്ടിയുടെ ശ്രദ്ധ, രാമ ക്ഷേത്രത്തിലും പ്രതിമാ നിര്‍മാണത്തിലും സ്ഥലപ്പേരുകള്‍ മാറ്റുന്നതിലുമായി.'' - സഞ്ജയ് പറഞ്ഞു.
രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തീസ്ഗഢിലും തെലങ്കാനയിലും ബി.ജെ.പി തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ പ്രചരണങ്ങളിലൊക്കെയും ശ്രദ്ധയൂന്നിയിരുന്നത് സ്ഥലപ്പേര് മാറ്റുന്നതിലും അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണ വാഗ്ദാനത്തിലുമൊക്കെ ആയിരുന്നു.