
തെലങ്കാനയില്‍ ചന്ദ്രശേഖര്‍ റാവു സര്‍ക്കാറിന്റെ സത്യപ്രതിജ്ഞ നാളെ
|ഛത്തീസ്ഗഢില്‍ നാലില്‍ മൂന്ന് ഭൂരിപക്ഷത്തോടെയാണ് കോണ്‍ഗ്രസ് അധികാരത്തിലേറുന്നത്. പ്രതീക്ഷിച്ചതിലും വലിയ വിജയമായിരുന്നു ഛത്തീസ്ഗഢിലേത്.
തെലങ്കാനയില്‍ ചന്ദ്രശേഖര്‍ റാവു സര്‍ക്കാറിന്റെ സത്യപ്രതിജ്ഞ നാളെ. ഛത്തീസ്ഗഢില്‍ കോണ്‍ഗ്രസും മിസോറാമില്‍ എം.എന്‍.എഫും സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദമുന്നയിച്ച് ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്. ഛത്തീസ് ഗഢില്‍ മുഖ്യമന്ത്രി ആരാകണമെന്ന കാര്യത്തില്‍ ചര്‍ച്ച പുരോഗമിക്കുകയാണ്.
തെലങ്കാനയില്‍ നാളെ ഉച്ചക്ക് 1.24 നും 2.54 നും ഇടക്കാണ് ചന്ദ്രശേഖര്‍ റാവു സര്‍ക്കാറിന്റെ സത്യപ്രതിജ്ഞ ചടങ്ങ് നിശ്ചയിച്ചിരിക്കുന്നത്. രാജ്ഭവനില്‍ വച്ചാണ് ചടങ്ങ്. പണ്ഡിറ്റുകളുടെ ഉപദേശപ്രകാരമാണ് ചന്ദ്രശേഖര്‍ റാവു സത്യപ്രതിജ്ഞക്കായി ഈ സമയം തെരഞ്ഞെടുത്തത്.
ഇന്ന് ചേര്‍ന്ന ടി.ആര്‍.എസ് എം.എല്‍.എമാരുടെ യോഗം മുഖ്യമന്ത്രിയായി ചന്ദ്ര ശേഖര്‍ റാവുവിനെ ഐക്യകണ്ഠേന തെരഞ്ഞെടുത്തിരുന്നു. 119ല്‍ 80 സീറ്റ് നേടിയ ടി.ആര്‍.എസ് ഇന്നലെ തന്നെ ഗര്‍ണറെ കണ്ട് അവകാശവാദം ഉന്നയിച്ചിരുന്നു. സംസ്ഥാനത്ത് മിന്നുന്ന വിജയമാണ് ടി.ആര്‍.എസ് നേടിയത്. എ.ഐ.എം.ഐ.എമ്മിന് 7ഉം കോണ്‍ഗ്രസ്, ടി.ഡി.പി, ടി.ജെ.എസ്, സി.പി.ഐ സഖ്യത്തിന് 19 സീറ്റുമാണ് നേടാനായത്.
ഛത്തീസ്ഗഢില്‍ നാലില്‍ മൂന്ന് ഭൂരിപക്ഷത്തോടെയാണ് കോണ്‍ഗ്രസ് അധികാരത്തിലേറുന്നത്. പ്രതീക്ഷിച്ചതിലും വലിയ വിജയമായിരുന്നു ഛത്തീസ്ഗഢിലേത്. ഇനിയുള്ളത് മുഖ്യമന്ത്രിയെ തീരുമാനിക്കലാണ്. ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. ഒ.ബി.സി നേതാവും എം.പിയുമായ ടി സാഹുവിന്റേതാണ് ഉയര്‍ന്നുകേള്‍ക്കുന്ന പേരുകളിലൊന്ന്. സംസ്ഥാനത്തെ പ്രമുഖ നേതാക്കളായ ടി.എസ് സിങ്ദോ, ചരണ്‍ദാസ് മഹന്ദ് എന്നിവരുടെ പേരും ഒപ്പം പി.സി.സി അധ്യക്ഷന്‍ ഭൂപേഷ് ഭാഗലിന്റെ പേരും സജീവ ചര്‍ച്ചകളിലുണ്ട്. സെക്സ് സി.ഡി വിവാദം ഭാഗലെ പിന്നോട്ടടിച്ചേക്കും. ഹൈക്കമാന്‍ഡ് നിയോഗിച്ച നീരിക്ഷകന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ അഭിപ്രായം ഇക്കാര്യത്തില്‍ നിര്‍ണായകമാകും.
മിസോറാമില്‍ 40ല്‍ 26 സീറ്റ് നേടിയ എം.എന്‍.എഫ് സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദമുന്നയിച്ച് ഗവര്‍ണര്‍ കുമ്മനം രാജശേഖരനെ കണ്ടിരുന്നു. മിസോറാമിലും ഇനി തീരുമാനിക്കേണ്ടത് സത്യപ്രതിജ്ഞ തീയതിയാണ്. രണ്ട് തവണ മുഖ്യമന്ത്രിയായ സോറാം താഹ്ക തന്നെയാകും മുഖ്യമന്ത്രി.