
രാജ്യത്തെ ആദ്യ പശു മന്ത്രിക്കും ദയനീയ പരാജയം
|2013ലാണ് വസുന്ധരെ രാജെ സിന്ധ്യ മന്ത്രിസഭയില്‍ ഇദ്ദേഹത്തെ പശു മന്ത്രിയായി നിയമിച്ചത്. ദേവാസി ഉള്‍പെടെ 13 മന്ത്രിമാരാണ് വസുന്ധരെ മന്ത്രസഭയില്‍ പരാജയപ്പെട്ടത്
രാജ്യത്തെ ആദ്യ പശു മന്ത്രി കൂടിയായ ഒട്ടാറാം ദേവാസിക്ക് ദയനീയ പരാജയം. രാജസ്ഥാനിലെ സിരോഹി മണ്ഡലത്തില്‍ നിന്നും മത്സരിച്ച അദ്ദേഹം 10,253 വോട്ടുകള്‍ക്ക് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ സന്യാം ലോധയോടാണ് പരാജയപ്പെട്ടത്. 2013ലാണ് വസുന്ധരെ രാജെ സിന്ധ്യ മന്ത്രിസഭയില്‍ ഇദ്ദേഹത്തെ പശു മന്ത്രിയായി നിയമിച്ചത്. ദേവാസി ഉള്‍പെടെ 13 മന്ത്രിമാരാണ് വസുന്ധരെ മന്ത്രസഭയില്‍ പരാജയപ്പെട്ടത്.
പാലി ജില്ലയിലെ മുന്ദാര ഗ്രാമത്തില്‍ നിന്നുള്ള റബറി സമുദായത്തില്‍ പെട്ടയാളാണ് ഒട്ടാറാം.ആദ്യം രാജസ്ഥാന്‍ പൊലിസിലായിരുന്നു. മന്ത്രി ആയതിന് ശേഷം സംസ്ഥാനത്തെ പത്താം ക്ലാസ് പാഠപുസ്തകത്തില്‍ പശുക്കളെ കുറിച്ചുള്ള ഭാഗം ഉള്‍പ്പെടുത്തിയത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. പത്താം ക്ലാസിലെ ഹിന്ദി പുസ്തകത്തിലാണ് പശുവിനെ ഗോമാതാവാക്കി ചിത്രീകരിച്ചത്. മക്കള്‍ ആയ വിദ്യാര്‍ഥികള്‍ക്ക് അമ്മയായ പശു എഴുതുന്ന കത്തായാണ് ഈ പാഠഭാഗം അവതരിപ്പിച്ചിരുന്നത്. വിദ്യാര്‍ഥികളെ പുത്രന്‍മാരെ, പുത്രിമാരെ എന്ന് അഭിസംബോധന ചെയ്ത് തുടങ്ങുന്ന അധ്യായത്തില്‍ ഹിന്ദു ദൈവങ്ങള്‍ക്കൊപ്പം പശുവിന്റെ വലിയ ചിത്രവും നല്‍കിയിരിക്കുന്നു.