< Back
India
ഇനി എച്ചില്‍ ഇലയില്‍ ഉരുളേണ്ട; മഡെ സ്നാനയും എഡെ സ്നാനയും നിരോധിച്ചു 
India

ഇനി എച്ചില്‍ ഇലയില്‍ ഉരുളേണ്ട; മഡെ സ്നാനയും എഡെ സ്നാനയും നിരോധിച്ചു 

Web Desk
|
15 Dec 2018 10:01 AM IST

ബ്രാഹ്മണരുടെ എച്ചില്‍ ഇലയില്‍ കിടന്ന് ദലിതര്‍ ഉരുളുന്ന ചടങ്ങാണ് മഡെ സ്‌നാന. മഡെ സ്‌നാനക്കെതിരെ പ്രതിഷേധമുണ്ടായപ്പോഴാണ് എഡെ സ്നാന കൊണ്ടുവന്നത്

ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രത്തിലെ വിവാദ ആചാരങ്ങളായ മഡെ സ്‌നാനയും എഡെ സ്‌നാനയും നിരോധിച്ചു. പര്യായ പലിമാര്‍ മഠത്തിലെ സ്വാമി വിദ്യാധീശ തീര്‍ത്ഥയാണ് ഇക്കാര്യം അറിയിച്ചത്. ബ്രാഹ്മണരുടെ എച്ചില്‍ ഇലയില്‍ കിടന്ന് ദലിതര്‍ ഉരുളുന്ന ചടങ്ങാണ് മഡെ സ്‌നാന. മഡെ സ്‌നാനക്കെതിരെ പ്രതിഷേധമുണ്ടായപ്പോഴാണ് എഡെ സ്നാന കൊണ്ടുവന്നത്. പ്രസാദം നിവേദിച്ച ഇലയില്‍ ഉരുളുന്ന ചടങ്ങാണിത്.

ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ചമ്പശഷ്ഠി ഉത്സവത്തിന്‍റെ ഭാഗമായാണ് മഡെ സ്നാന ആചരിച്ചിരുന്നത്. ജാതിവിവേചനം പ്രോത്സാഹിപ്പിക്കുന്ന മഡെ സ്‌നാനക്കെതിരെ വ്യാപക പ്രതിഷേധമുണ്ടായപ്പോള്‍ 2016ല്‍ എഡെ സ്നാന കൊണ്ടുവന്നു. പേജാവര്‍ മഠാധിപതി വിശ്വേശ തീര്‍ത്ഥയാണ് എഡെ സ്നാന കൊണ്ടുവന്നത്. ഇതും ഇപ്പോള്‍ പൂര്‍ണമായി നിരോധിച്ചിരിക്കുകയാണ്.

അനാവശ്യ വിവാദങ്ങള്‍ ഒഴിവാക്കാനാണ് ഈ തീരുമാനമെടുത്തതെന്ന് സ്വാമി വിദ്യാധീശ തീര്‍ത്ഥ പറഞ്ഞു. തീരുമാനം വിശ്വേശ തീര്‍ത്ഥ സ്വാഗതം ചെയ്തു. മതാചാരങ്ങള്‍ക്ക് ഈ ചടങ്ങുകള്‍ ആവശ്യമില്ല. വിവാദ ആചാരങ്ങള്‍ മുറുകെ പിടിക്കുകയല്ല പൂജകള്‍ നടത്തുകയാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ സി.പി.എം ഉള്‍പ്പെടെയുള്ള സംഘടനകള്‍ മഡെ സ്നാനക്കെതിരെ പ്രക്ഷോഭം നടത്തിയിരുന്നു.

Similar Posts