< Back
India
റഫാല്‍: അഴിമതി ആരോപിച്ച രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്ന് ബി.ജെ.പി
India

റഫാല്‍: അഴിമതി ആരോപിച്ച രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്ന് ബി.ജെ.പി

Web Desk
|
14 Dec 2018 2:20 PM IST

പുനപരിശോധന ഹരജി നല്‍കുന്ന കാര്യം ആലോചിക്കുമെന്ന് പ്രശാന്ത് ഭൂഷണ്‍ അറിയിച്ചു. സുപ്രിംകോടതി കൈവിട്ടെങ്കിലും പിന്നോട്ടില്ലെന്ന നിലപാടിലാണ് പ്രതിപക്ഷവും ഹരജിക്കാരും.

റഫാല്‍ ഇടപാടില്‍ അഴിമതി ആരോപിച്ച രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. അഴിമതി നടന്നിട്ടില്ലെന്ന് ഉറപ്പുണ്ടെങ്കില്‍ ഇടപാടില്‍ സംയുക്ത പാര്‍ലമെന്‍ററി അന്വേഷണം പ്രഖ്യാപിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. വിധി തെറ്റാണെന്നും തുടര്‍നടപടികള്‍ ആലോചിക്കുമെന്നും ഹരജിക്കാരന്‍ പ്രശാന്ത് ഭൂഷണും പറഞ്ഞു.

റഫാല്‍ ഇടപാടില്‍ അന്വേഷണം വേണമെന്ന ആവശ്യം സുപ്രിം കോടതി തള്ളിയ സാഹചര്യത്തില്‍ പ്രധാനമന്ത്രിക്കെതിരെ അഴിമതിയാരോപണം ഉന്നയിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മാപ്പു പറയണമെന്ന നിലപാടിലാണ് ബി.ജെ.പി. രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് ലോക്സഭയില്‍ ആവശ്യപ്പെട്ടു.

ഇതേ ആവശ്യം ഉന്നിച്ച് ബി.ജെ.പി അംഗങ്ങള്‍ പാര്‍മെന്‍റില്‍ ബഹളം വെക്കുകയും ചെയ്തു. അതേസമയം കോടതി വിധിയില്‍ കേന്ദ്ര സര്‍ക്കാരിന് ആശ്വസിക്കാനൊന്നുമില്ലെന്നായിരുന്നു കോണ്‍ഗ്രസിന്‍റെ പ്രതികരണം. പുനപരിശോധന ഹരജി നല്‍കുന്ന കാര്യം ആലോചിക്കുമെന്ന് പ്രശാന്ത് ഭൂഷണ്‍ അറിയിച്ചു. സുപ്രിംകോടതി കൈവിട്ടെങ്കിലും പിന്നോട്ടില്ലെന്ന നിലപാടിലാണ് പ്രതിപക്ഷവും ഹരജിക്കാരും.

Similar Posts