< Back
India
മദ്രാസ് ഐ.ഐ.ടിയില്‍ വെജ്, നോണ്‍ വെജ് വിവേചനം; ഇത് തൊട്ടുകൂടായ്മയെന്ന്‌ വിദ്യാര്‍ഥികള്‍
India

മദ്രാസ് ഐ.ഐ.ടിയില്‍ വെജ്, നോണ്‍ വെജ് വിവേചനം; ഇത് തൊട്ടുകൂടായ്മയെന്ന്‌ വിദ്യാര്‍ഥികള്‍

Web Desk
|
15 Dec 2018 11:02 AM IST

എല്ലാവരും ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ചിരുന്ന ക്യാന്റീനെ രണ്ടായി തിരിച്ച് പ്രത്യേക വാതിലുകളും കൈകഴുകാന്‍ വെവ്വേറെ ഇടങ്ങളും കഴിക്കാന്‍ പ്രത്യേക പാത്രങ്ങളും ഒരുക്കിയതിനെതിരെ വിദ്യാര്‍ഥികള്‍

മദ്രാസ് ഐ.ഐ.ടി കാമ്പസിലെ ക‍ാന്‍റീനില്‍ മാംസാഹാരികൾക്കും സസ്യാഹാരികൾക്കും പ്രത്യേക തീൻമുറികൾ സജ്ജീകരിച്ചത് വിവാദമാകുന്നു. എല്ലാവരും ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ചിരുന്ന ക‍ാന്‍റീനെ രണ്ടായി തിരിച്ച് പ്രത്യേക വാതിലുകളും കൈകഴുകാന്‍ വെവ്വേറെ ഇടങ്ങളും കഴിക്കാന്‍ പ്രത്യേക പാത്രങ്ങളും ഒരുക്കിയതിനെതിരെ വിദ്യാര്‍ഥികള്‍ രംഗത്തെത്തി. അയിത്താചരണത്തിന്‍റെ പുനസ്ഥാപനമാണിതെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു.

ക്യാമ്പസിലെ വിദ്യാര്‍ഥി കൂട്ടായ്മയായ അംബേദ്കര്‍ പെരിയാര്‍ സ്റ്റഡി സര്‍ക്കിളാണ് കാന്‍റീനിലെ പരിഷ്കാരം ചിത്രങ്ങള്‍ സഹിതം പുറത്തുവിട്ടത്. നേരത്തെ കാന്റീനില്‍ സസ്യാഹാരം മാത്രം നല്‍കാന്‍ നീക്കം നടന്നിരുന്നു. ഇത് വിദ്യാര്‍ഥികള്‍ എതിര്‍ത്തതോടെയാണ് പുതിയ തൊട്ടുകൂടായ്മ. സവര്‍ണ വീടുകളില്‍ സവര്‍ണര്‍ക്കും കീഴ്ജാതിക്കാര്‍ക്കും പ്രവേശിക്കാന്‍ വെവ്വേറെ വാതിലുകളുണ്ടായിരുന്നു. ഇത് തന്നെയാണ് മദ്രാസ് ഐ.ഐ.ടിയില്‍ നടപ്പാക്കിയത്. മദ്രാസ് ഐ.ഐ.ടി ലോകോത്തര സ്ഥാപനമാകാന്‍ ശ്രമിക്കുമ്പോള്‍ കാമ്പസ്സിനകത്തെ പല കാര്യങ്ങളും പിന്തിരിപ്പനാണെന്ന് വിദ്യാര്‍ഥികള്‍ വിമര്‍ശിച്ചു.

അതേസമയം പ്രത്യേക തീന്മുറി എന്ന ആവശ്യം ജൈനമതക്കാരായ വിദ്യാര്‍ഥികള്‍ ഉന്നയിച്ചിരുന്നുവെന്നാണ് ക്യാമ്പസിലെ മെസ് മേല്‍നോട്ട കമ്മറ്റിയുടെ വിശദീകരണം. ഉള്ളിയും വെളുത്തുള്ളിയുമില്ലാത്ത ഭക്ഷണം വേണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കാന്‍റീനില്‍ പ്രത്യേക സജ്ജീകരണം ഏര്‍പ്പെടുത്തിയതിനെ കുറിച്ച് അറിയില്ലെന്നും മെസ് മേല്‍നോട്ട സമിതിയിലെ ഉദ്യോഗസ്ഥര്‍ പറയുന്നു.

UNTOUCHABILITY CONTINUES AT IIT MADRAS! Upper caste households in India would usually have two entrances - one for the...

Posted by Ambedkar Periyar Study Circle, IIT Madras on Thursday, December 13, 2018
Similar Posts