< Back
India
റിലയന്‍സിന് മുന്നില്‍  ‘റഫാല്‍ കള്ളന്‍’ പോസ്റ്ററുകളുമായി കോണ്‍ഗ്രസ്
India

റിലയന്‍സിന് മുന്നില്‍ ‘റഫാല്‍ കള്ളന്‍’ പോസ്റ്ററുകളുമായി കോണ്‍ഗ്രസ്

Web Desk
|
16 Dec 2018 2:33 PM IST

റഫാല്‍ എയര്‍ക്രാഫ്റ്റിന്റെ പശ്ചാതലത്തില്‍ റിലയന്‍സിന്റെയും അനില്‍ അംബാനിയുടെയും ചിത്രസഹിതമുള്ള പോസ്റ്ററുകളാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്

ഫ്രാന്‍സുമായുള്ള മില്യണ്‍ ഡോളറിന്റെ റഫാല്‍ ഇടപാടില്‍ സുപ്രീംകോടതിയുടെ നിരീക്ഷണം പുറത്തുവന്നതിന് പിന്നാലെ പോസ്റ്റര്‍ പോരാട്ടവുമായി കോണ്‍ഗ്രസ്. റിലയന്‍സിന്റെ മുംബൈ ഓഫീസിന് മുന്നിലാണ് ‘റഫാല്‍ കള്ളന്‍’ എന്നെഴുതിയ പോസ്റ്ററുകള്‍ പതിച്ചിട്ടുള്ളത്. കോടതിയിൽ ഇല്ലാത്ത സി.എ.ജി റിപ്പോർട്ടിന്റെ പേരിൽ ബി.ജെ.പി കോടതിയെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു.

റഫാല്‍ എയര്‍ക്രാഫ്റ്റിന്റെ പശ്ചാതലത്തില്‍ റിലയന്‍സിന്റെയും അനില്‍ അംബാനിയുടെയും ചിത്രസഹിതമുള്ള പോസ്റ്ററുകളാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മുംബൈ കോണ്‍ഗ്രസിന്റെ പേരിലിറക്കിയിട്ടുള്ള പോസ്റ്റര്‍ റിലയന്‍സിന്റെ പശ്ചിമ മുംബൈയിലെ സാന്താക്രൂസ് ഓഫീസിന് പുറത്താണ് പതിച്ചിട്ടുള്ളത്. റഫാല്‍ ഇടപാടിലെ ഗവണ്‍മെന്റ് ഇടപെടലുകളില്‍ അസ്വാഭാവികതയൊന്നും ഇല്ലെന്ന് നിരീക്ഷിച്ച സുപ്രീംകോടതി, വാങ്ങാന്‍ പോകുന്ന ജെറ്റുകളുടെ എണ്ണമെടുക്കേണ്ട പണിയല്ല കോടതിക്കെന്നും വ്യക്തമാക്കുകയുണ്ടായി.

റഫാൽ ഇടപാടിനെ സംബന്ധിച്ച് സി.എ.ജി റിപ്പോർട്ട് നൽകിയെന്ന് പറഞ്ഞ് കേന്ദ്രസർക്കാർ കോടതിയെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണെന്നും, ഇത്തരത്തിലൊരു റപ്പോർട്ട് പബ്ലിക്ക് അക്കൗണ്ട് കമ്മിറ്റിക്ക് മുന്നിൽ വന്നിട്ടില്ലെന്നും പി.എ.സി ചെയർമാനായ മല്ലികാർജുൻ ഖാർഗെ വ്യക്തമാക്കി. സി.എ.ജി രാഷ്ട്രപതിക്ക് സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ട് പി.എ.സിയുടെ സൂക്ഷ്മപരിശോധനക്ക് ശേഷമാണ് പാര്‍ലമെന്റില്‍ വരിക. റഫാല്‍ ഇടപാട് സംബന്ധിച്ച റിപ്പോര്‍ട്ട് തയ്യാറായി വരുന്നതേയുള്ളൂവെന്നാണ് സി.എ.ജി വൃത്തങ്ങള്‍ അറിയിക്കുന്നത്.

ഭരണഘടനാ സ്ഥാപനമായ സി.എ.ജിയെ സംബന്ധിച്ച് തെറ്റായ വിവരം സുപ്രീംകോടതിയില്‍ നല്‍കിയെന്ന ഗുരുതര ആരോപണത്തോട് ഇതുവരെ കേന്ദ്രസർക്കാർ പ്രതികരിച്ചിട്ടില്ല.

Similar Posts