
റഫാല്‍ വിധിയിലെ പിഴവ്; കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിപക്ഷത്തിന്റെ പടപ്പുറപ്പാട്, മോദിക്കെതിരെ സുബ്രഹ്മണ്യന്‍ സ്വാമിയും
|വിമാന വില വിവരം കണ്ട ശേഷം കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ റിപ്പോർട്ട് തയ്യാറാക്കി, അത് പാര്‍ലെമന്റ് അക്കൌണ്ട്സ് കമ്മിറ്റി പരിശോധിച്ചു, റഫാല്‍ കേസ് വിധിയിലെ തെറ്റായ പരമാര്‍ശം ഇതാണ്.
റഫാല്‍ വിധിയിലെ പിഴവ് തിരുത്താന്‍ അപേക്ഷ നല്‍കിയതോടെ കേന്ദ്ര സര്‍ക്കാരിനെതിരെ നീക്കം ശക്തമാക്കി പ്രതിപക്ഷം. കോടതിക്ക് തെറ്റ് പറ്റിയിട്ടില്ലെന്നും സര്‍ക്കാര്‍ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്നും കോണ്‍ഗ്രസ് കുറ്റപെടുത്തി. വിഷയത്തില്‍ അറ്റോര്‍ണി ജനറലിനെ പാര്‍ലമെന്റില്‍ വിളിച്ച് വരുത്തി വിശദീകരണം തേടണെന്ന് സി.പി.എം ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് നുണ പ്രചരിപ്പിക്കുകയാണെന്ന് പ്രധാന മന്ത്രി നരേന്ദ്രമോദി ആരോപിച്ചു.

വിമാന വില വിവരം കണ്ട ശേഷം കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ റിപ്പോർട്ട് തയ്യാറാക്കി, അത് പാര്‍ലെമന്റ് അക്കൌണ്ട്സ് കമ്മിറ്റി പരിശോധിച്ചു, റഫാല്‍ കേസ് വിധിയിലെ തെറ്റായ പരമാര്‍ശം ഇതാണ്. വ്യാകരണ വ്യാഖ്യാന പിശകാണ് ഇനിയും തയ്യറാകാത്ത സി.എ.ജി റിപ്പോര്‍ട്ട് സംബന്ധിച്ച് വിധിയില്‍ ഇങ്ങനെ ഒരു പരാമര്‍ശത്തിനിടയാക്കിയതെന്ന് കേന്ദ്ര സര്‍ക്കാര്‍ വാദിക്കുന്നു. എന്നാല്‍ കോടതിക്കല്ല തെറ്റ് പറ്റിയതെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചു. അതിനാലാണ് ഹരജികള്‍ സുപ്രിംകോടതി തള്ളിയത്.

ഭരണഘടന സ്ഥാപനങ്ങളോടുള്ള വഞ്ചനയാണ് നടന്നിരിക്കുന്നതെന്നും അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാലിനോട് പാര്‍ലമെന്റ് വിശദീകരണം തേടണമെന്നും സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. എ.ജി ക്കെതിരെ ആര്‍.ജെ.ഡി രാജ്യസഭയില്‍ അവകാശ ലംഘന നോട്ടീസും നല്‍കിയിട്ടുണ്ട്. കോണ്‍ഗ്രസ് നുണകള്‍ പ്രചരിപ്പിക്കുകയാണെന്നും സൈന്യത്തെ എക്കാലവും ദുര്‍ബലപ്പെടുത്തിയ പാര്‍ട്ടിയാണെന്നും പ്രധാന മന്ത്രി ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ കുറ്റപ്പെടുത്തി.

ഇപ്പോഴുയരുന്ന ചോദ്യങ്ങള്‍ സ്വാഭാവികം. സുപ്രിംകോടതിയിലെ സര്‍ക്കാര്‍ സത്യവാങ് മൂലത്തിലെ പിഴവ് പ്രധാനമന്ത്രിക്ക് നാണക്കേടാണെന്ന് സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു.
