
സിഖ് വിരുദ്ധ കലാപം അവസാനത്തേതല്ല; ഗുജറാത്തിലും മുസഫര്‍ നഗറിലും നടന്നത് സമാന കൂട്ടക്കൊലയെന്ന് കോടതി
|എല്ലായിടത്തും ലക്ഷ്യം വച്ചത് ന്യൂനപക്ഷങ്ങളെയാണെന്നും കോടതി
സിഖ് വിരുദ്ധ കലാപ കേസില്‍ സജ്ജന്‍ കുമാറിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ച വിധിയില്‍ രൂക്ഷപരാമര്‍ശങ്ങളുമായി ഡല്‍ഹി ഹൈക്കോടതി. 1984ലെ സിഖ് വിരുദ്ധ കൂട്ടക്കൊല വിഭജന കാലത്തേതിന് സമാനമായിരുന്നു. സിഖ് വിരുദ്ധ കലാപം രാജ്യത്ത് അവസാനത്തേതായിരുന്നില്ല. 2002ല്‍ ഗുജറാത്തിലും 2013ല്‍ മുസഫര്‍ നഗറിലും സമാന കൂട്ടക്കൊല നടന്നെന്നും കോടതി വിലയിരുത്തി.
എല്ലായിടത്തും ലക്ഷ്യം വച്ചത് ന്യൂനപക്ഷങ്ങളെയാണ്. കലാപങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത് രാഷ്ട്രീയ അധീശത്വമുള്ളവരാണ്. ഇവരെ നിയമത്തിന് മുന്‍പില്‍ എത്തിക്കുക എന്നത് കനത്ത വെല്ലുവിളിയാണ്. ഇവര്‍ക്ക് രക്ഷപ്പെടാന്‍ പഴുതുകളില്ലാത്ത വിധം നിയമസംവിധാനം പരിഷ്കരിക്കപ്പെടണമെന്നും കോടതി വ്യക്തമാക്കി.
203 പേജുള്ള വിധി പ്രസ്താവത്തിന്‍റെ 193, 194 പേജുകളിലാണ് ഹൈക്കോടതിയുടെ നിര്‍ണ്ണായക നിരീക്ഷണങ്ങളുള്ളത്. 1984 നവംബറിന്‍റെ തുടക്കത്തില്‍ നടന്ന കലാപം ഡല്‍ഹിയില്‍ മാത്രം 2733 പേരുടെ ജീവനെടുത്തു. രാജ്യത്താകെ കൊല്ലപ്പെട്ടത് 3350 പേരെന്നാണ് ഔദ്യോഗിക കണക്ക്.
സിഖ് വിരുദ്ധ കൂട്ടക്കൊല കേസില്‍ കോണ്‍ഗ്രസ് നേതാവും മുന്‍ എം.പിയുമായ സജ്ജന്‍ കുമാറിന് ഇന്നാണ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്. സജ്ജന്‍ കുമാര്‍ ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയ വിചാരണ കോടതി വിധി റദ്ദാക്കികൊണ്ടാണ് ഡല്‍ഹി ഹൈക്കോടതിയുടെ വിധി. ഈ മാസം 31നകം സജ്ജന്‍ കുമാര്‍ കീഴടങ്ങണമെന്നും കോടതി ഉത്തരവിട്ടു.
1984 നവംബര്‍ 1ന് ഡല്‍ഹി രാജ് നഗര്‍ കന്‍റോണ്‍മെന്‍റ് ഹൌസില്‍ ഒരു കുടുംബത്തിലെ അഞ്ച് പേരെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ടാണ് സജ്ജന്‍ കുമാറിനെതിരായ കേസ്. ഈ കലാപത്തിനായി സജ്ജന്‍ കുമാര്‍ ആഹ്വാനം ചെയ്തെന്നും ഡല്‍ഹിയിലെ സുല്‍ത്താന്‍ പുരിയില്‍ പ്രകോപനപരമായി പ്രസംഗിച്ചെന്നും ഹൈക്കോടതി കണ്ടെത്തി. രാഷ്ട്രീയ-നിയമ മേഖലയിലെ ശക്തികള്‍ ഒന്നിച്ച് ആസൂത്രണം ചെയ്ത അസാധാരണ സ്വഭാവമുള്ള കേസാണിതെന്ന് നിരീക്ഷിച്ച ഹൈക്കോടതി സജ്ജന്‍ കുമാര്‍ ഉള്‍പ്പെടെ ഉള്ളവര്‍ കേസന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ചെന്നും നിരീക്ഷിച്ചു.