
റഫാല്‍ വിഷയത്തില്‍ പാര്‍ലമെന്റ് ഇന്നും പ്രക്ഷുബ്ധമായേക്കും
|സുപ്രിം കോടതി വിധിയില്‍ പിഴവുണ്ടായത് സര്‍ക്കാര്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചതിനാലാണെന്നും ജെ.പി.സി അന്വേഷണം വേണമെന്നും പ്രതിപക്ഷം ആവര്‍ത്തിക്കും.
റഫാല്‍ വിഷയത്തില്‍ പാര്‍ലമെന്റ് ഇന്നും പ്രക്ഷുബ്ധമായേക്കും. സുപ്രിം കോടതി വിധിയില്‍ പിഴവുണ്ടായത് സര്‍ക്കാര്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചതിനാലാണെന്നും ജെ.പി.സി അന്വേഷണം വേണമെന്നും പ്രതിപക്ഷം ആവര്‍ത്തിക്കും. വിഷയത്തില്‍ ഇരു സഭകളിലും അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാലിനെതിരെ അവകാശ ലംഘന നോട്ടീസ് നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.
റഫാല്‍ വിലനിലവാരം അടക്കമുള്ളവ സി.എ.ജി പരിശോധിച്ചു. ആ റിപ്പോര്‍ട്ട് പാര്‍ലമെന്റ് അക്കൌണ്ട്സ് കമ്മിറ്റിക്ക് സമര്‍പ്പിച്ചു. സുപ്രിം വിധിയുടെ 25 ആം ഖണ്ഡികയിലെ ഈ ഭാഗം വസ്തുതാ വിരുദ്ധമാണെന്ന പ്രതിപക്ഷ ആരോപണം സര്‍ക്കാര്‍ തന്നെ ശരിവച്ച സാഹചര്യത്തിലാണ് ഇന്ന് പാര്‍ലമെന്റ് ചേരുന്നത് .കോടതിക്ക് പിഴവുണ്ടായതല്ല, സര്‍ക്കാര്‍ കോടതിയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. അതിനാല്‍ കോടതിയിലെ സര്‍ക്കാര്‍ പ്രതിനിധിയായ അറ്റോര്‍ണി ജനറലിനെ പാര്‍ലമെന്റില്‍ വിളിച്ച് വരുത്തി വിശദീകരണം തേടണമെന്നാണ് പ്രതിപക്ഷ ആവശ്യം. എ.ജി ക്കെതിരെ ലോക്സഭയില്‍ അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കാന്‍ സി.പി.എം അടക്കമുള്ള പാര്‍ട്ടികളും തീരുമാനിച്ചിട്ടുണ്ട്.
എ.ജി ക്കെതിരെ ആര്‍.ജെ.ഡി രാജ്യസഭയില്‍ ഇതിനകം അവകാശ ലംഘന നോട്ടീസ് നല്‍കിയിട്ടുണ്ട്. എന്നാല്‍ കോടതിക്ക് ഇംഗ്ലീഷ് വ്യാകരണ വ്യഖ്യാനത്തിനിടെ സംഭവിച്ച പിശകാണിതന്നും അതിനാല്‍ തിരുത്തണമെന്നുമാണ് സര്‍ക്കാരിന്റെ നിലാപാട്. സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച തിരുത്തല്‍ ഹരജിയിലും ഇതാണ് വാദം. ഉള്ളി, കടല അടക്കമുള്ള വിലയിടിവിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ കാര്‍ഷിക പ്രതിസന്ധി ചര്‍ച്ച ചെയ്യണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭയില്‍ ആവശ്യപ്പെടും.