
മഹാസഖ്യത്തോടൊപ്പം; എന്‍.ഡി.എ വിട്ട മുന്‍ കേന്ദ്രമന്ത്രി യു.പി.എയില്‍ ചേര്‍ന്നു
|2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം നരേന്ദ്ര മോദിക്ക് പകരം പ്രധാനമന്ത്രി സ്ഥാനത്ത് രാഹുല്‍ ഗാന്ധിയെത്തുമെന്ന് കുശ്‍വാഹ
എന്‍.ഡി.എ വിട്ട രാഷ്ട്രീയ ലോക് സാമന്ത പാര്‍ട്ടി നേതാവ് ഉപേന്ദ്ര കുശ്‌വാഹ യു.പി.എയില്‍ ചേര്‍ന്നു. എന്‍.ഡി.എയില്‍ താന്‍ അപമാനിക്കപ്പെട്ടപ്പോള്‍ തന്റെ അഭിമാനം കാക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഉണ്ടായെന്നും കുശ്വാഹ പറഞ്ഞു. സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് യു.പി.എയില്‍ ചേരുന്ന കാര്യം കുശ്‌വാഹ പ്രഖ്യാപിച്ചത്.
മൂന്ന് സംസ്ഥാനങ്ങളില്‍ ബി.ജെ.പിയില്‍ നിന്ന് ഭരണം തിരിച്ചുപിടിച്ച കോണ്‍ഗ്രസ് നേതൃത്വത്തേയും അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെയും കുശ്‍വാഹ അഭിനന്ദിച്ചു. രാഹുല്‍ പക്വതയുള്ള നേതാവായി മാറി. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം നരേന്ദ്ര മോദിക്ക് പകരം പ്രധാനമന്ത്രി സ്ഥാനത്ത് രാഹുല്‍ ഗാന്ധിയെത്തുമെന്നും കുശ്‍വാഹ പറഞ്ഞു.

എന്‍.ഡി.എയിലെ നേതാക്കള്‍ക്ക് ധാര്‍ഷ്ട്യമാണ്. ബിഹാറിലാണെങ്കില്‍ പ്രത്യേകിച്ച് നിതീഷ് കുമാറിന്. അവരുടെയെല്ലാം നിലപാട് കാരണമാണ് രാഷ്ട്രീയ ലോക്സമതാ പാര്‍ട്ടി എന്‍.ഡി.എ വിട്ടുപോരാന്‍ തീരുമാനിച്ചതെന്നും കുശ്‍വാഹ പറഞ്ഞു. ലോക്സസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് വിഭജനം സംബന്ധിച്ച് തര്‍ക്കത്തിന് പിന്നാലെയാണ് കുശ്‍വാഹ മാനവ വിഭവശേഷി വികസന സഹമന്ത്രിസ്ഥാനം രാജിവെച്ചതും എന്‍.ഡി.എ വിട്ടതും.
രാം വിലാസ് പാസ്വാന്റെ നേതൃത്വത്തിലുള്ള ലോക് ജനശക്തി പാര്‍ട്ടി വൈകാതെ എന്‍.ഡി.എ വിടുമെന്നും ഉപേന്ദ്ര കുശ്‍വാഹ പറഞ്ഞു. ചെറിയ പാര്‍ട്ടികളെ ഇല്ലാതാക്കുക എന്നതാണ് എന്‍.ഡി.എയുടെ നയം. എല്‍.ജെ.പിക്കും ബി.ജെ.പിയുടെ ലക്ഷ്യം ബോധ്യപ്പെട്ടു. ബി.ജെ.പിയുമായുള്ള സഖ്യം ഉപേക്ഷിച്ച് എല്‍.ജെ.പി പുറത്തുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മോദി സര്‍ക്കാരിന്റെ നാലര വര്‍ഷത്തെ ഭരണത്തേയും ഉപേന്ദ്ര കുശ്‍വാഹ കുറ്റപ്പെടുത്തി. മോദി സര്‍ക്കാരിന്റെ കൗണ്ട് ഡൗണ്‍ ആരംഭിച്ചു കഴിഞ്ഞു. സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ ജനങ്ങള്‍ക്ക് വലിയ പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ രാജ്യത്തെ ജനങ്ങളെ മുഴുവന്‍ നിരാശയിലാക്കിയാണ് ഭരണം അവസാനിക്കുന്നത്. കര്‍ഷകര്‍ പ്രതിസന്ധിയിലാണ്. യുവാക്കള്‍ക്ക് തൊഴിലില്ലായ്മ കാരണം കഷ്ടപ്പെടുന്നു. അതിനാല്‍ രാജ്യത്ത് ഒരു മാറ്റം അനിവാര്യമാണെന്നും കുശ്‍വാഹ വ്യക്തമാക്കി.
ബീഹാറില്‍ എന്‍.ഡി.എക്ക് എതിരായ സഖ്യം ശക്തിപ്പെടുത്തുന്നതാണ് കുശ്‌വാഹയുടെ വരവ്. അഞ്ച് സീറ്റുകള്‍ ആര്‍.എല്‍.എസ്.പിക്ക് ലഭിച്ചേക്കും. കോണ്‍ഗ്രസിന് 12 ഉം ആര്‍.ജെ.ഡിക്ക് 20 ഉം ഹിന്ദുസ്ഥാനി അവാമി മോര്‍ച്ചക്ക് രണ്ടും സീറ്റുകള്‍ വരെ ലഭിച്ചേക്കുമെന്നാണ് വിവരം.
ഇതിനിടെ എന്‍.ഡി.എ കക്ഷിയായ രാംവിലാസ് പസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടി അതൃപ്തി അറിയിച്ചിട്ടുണ്ട്. ആറ് ലോക്‌സഭ സീറ്റും ഒരു രാജ്യസഭ സീറ്റും ഇത്തവണ ലഭിക്കണമെന്നാണ് ആവശ്യം. പ്രശ്‌നപരിഹാരത്തിന് അമിത് ഷാ ഇടപെട്ടിട്ടുണ്ട്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെട്ട് ജെ.ഡി.യുവും സമ്മര്‍ദം ശക്തമാക്കി. നിതീഷ് കുമാര്‍ നാളെ ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായെ കാണും.