< Back
India
രാജസ്ഥാൻ മന്ത്രിസഭാ വിപുലീകരണ ചർച്ചകൾക്കായി ഗെഹ്‍ലോട്ടും സച്ചിൻ പൈലറ്റും രാഹുലിനെ കാണും
India

രാജസ്ഥാൻ മന്ത്രിസഭാ വിപുലീകരണ ചർച്ചകൾക്കായി ഗെഹ്‍ലോട്ടും സച്ചിൻ പൈലറ്റും രാഹുലിനെ കാണും

Web Desk
|
21 Dec 2018 8:24 AM IST

സഖ്യകക്ഷികളുടെ താൽപര്യങ്ങൾക്ക് പ്രഥമ പരിഗണന നൽകിയ ശേഷമേ പാർട്ടി എം.എൽ.എമാരിൽ നിന്ന് മന്ത്രിസഭാംഗങ്ങളെ തെരഞ്ഞെടുക്കാനാകൂ.

രാജസ്ഥാൻ മന്ത്രിസഭ വിപുലീകരണ ചർച്ചകൾക്കായി മുഖ്യമന്ത്രി അശോക് ഗെഹ്‍ലോട്ടും ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുൽ ഗാന്ധിയെ കാണും. ഇരുവരും പദവികൾ ഏറ്റെടുത്ത ശേഷം ആദ്യമായാണ് ഡൽഹിയിലെത്തുന്നത്. മറ്റ് മുതിർന്ന നേതാക്കളെയും ഇരുവരും സന്ദർശിച്ചേക്കും.

തെരഞ്ഞെടുപ്പ് ജയിക്കുന്നതിലും പ്രയാസമായിരുന്നു കോൺഗ്രസിന് മുഖ്യമന്ത്രിമാരുടെ തെരഞ്ഞെടുപ്പ്. അതിന്റെ തുടർച്ചയാണ് മന്ത്രിസഭാ വിപുലീകരണത്തിലും കോൺഗ്രസിന് മറികടക്കാനുള്ളത്. മാരത്തോൺ ചർച്ചകൾക്കൊടുവിലാണ് അശോക് ഗെഹ്‍ലോട്ടിനെ മുഖ്യമന്ത്രിയും സച്ചിൻ പൈലറ്റിനെ ഉപമുഖ്യമന്ത്രിയും ആക്കിയത്. അതിനാൽ പ്രാധാന്യമുള്ള വകുപ്പുകളിലേക്ക് സച്ചിൻ പൈലറ്റിനെ പരിഗണിക്കേണ്ടിവരും.

അശോക് ഗെഹ്‍ലോട്ടിനെ മുഖ്യമന്ത്രി ആക്കിയാൽ സർക്കാരിനെ പിന്തുണക്കാം എന്നായിരുന്നു പാർട്ടി വിമതരായി ജയിച്ചു വന്ന എം.എൽ.എമാരുടെ തീരുമാനം. അവരെയും അർഹമായ രീതിയിൽ പരിഗണിക്കേണ്ടിവരും. സഖ്യകക്ഷികളുടെ താൽപര്യങ്ങൾക്ക് പ്രഥമ പരിഗണന നൽകിയ ശേഷമേ പാർട്ടി എം.എൽ.എമാരിൽ നിന്ന് മന്ത്രിസഭാംഗങ്ങളെ തെരഞ്ഞെടുക്കാനാകൂ. ജാതി സമവാക്യങ്ങൾക്ക് അനുസരിച്ച് മന്ത്രിസഭ രൂപീകരിക്കുക എന്നതും തലവേദനയാണ്. ഇക്കാര്യങ്ങളിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ അഭിപ്രായങ്ങൾ നിർണായകമാകും.

Similar Posts