< Back
India
ഹരിയാനയില്‍ മൂടല്‍മഞ്ഞില്‍ 50 വാഹനങ്ങള്‍ കൂട്ടിയിടിച്ചു; എട്ട് മരണം
India

ഹരിയാനയില്‍ മൂടല്‍മഞ്ഞില്‍ 50 വാഹനങ്ങള്‍ കൂട്ടിയിടിച്ചു; എട്ട് മരണം

Zuby
|
24 Dec 2018 3:54 PM IST

ഡല്‍ഹിയേയും ഹരിയാനയേയും ബന്ധിപ്പിക്കുന്ന റോഹ്തക്-റെവാരി ഹൈവേയിലാണ് ഇന്ന് രാവിലെ അപകടമുണ്ടായത്.

ഹരിയാനയില്‍ കനത്ത മൂടല്‍മഞ്ഞ് കാരണം വാഹനങ്ങള്‍ കൂട്ടിയിടിച്ച് എട്ട് പേര്‍ മരിച്ചു. സ്‌കൂള്‍ ബസ് ഉള്‍പ്പെടെ അമ്പതോളം വാഹനങ്ങളാണ് അപകടത്തില്‍പ്പെട്ടത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഡല്‍ഹിയേയും ഹരിയാനയേയും ബന്ധിപ്പിക്കുന്ന റോഹ്തക്-റെവാരി ഹൈവേയിലാണ് ഇന്ന് രാവിലെ അപകടമുണ്ടായത്.

ഹരിയാനയിലെ ഝജ്ജാര്‍ മേല്‍പാതയ്ക്ക് സമീപമാണ് അപകടമുണ്ടായത്. മരിച്ച എട്ട് പേരില്‍ ഏഴ് പേരും സ്ത്രീകളാണ്. കാറില്‍ യാത്ര ചെയ്തവരാണ് മരിച്ചത്. പരിക്കേറ്റ പത്തോളം പേരുടെ നില ഗുരുതരമാണ്. അപകടത്തെ തുടര്‍ന്ന് ദേശീയപാതയിലെ ഗതാഗതം തടസ്സപ്പെട്ടു.

മൂടല്‍മഞ്ഞ് കാരണം റോഡ് വ്യക്തമായി കാണാന്‍ കഴിയുന്നുണ്ടായിരുന്നില്ല. ആദ്യം ഒരു ജീപ്പ് ട്രക്കിലിടിക്കുകയായിരുന്നു. പിന്നാലെ മുന്‍പിലും പിന്‍പിലുമുള്ള വാഹനങ്ങളും കൂട്ടിയിടിച്ചു. പരിക്കേറ്റവരെ ഏറെ കഷ്ടപ്പെട്ടാണ് പുറത്തെടുത്തത്. ഹരിയാന സര്‍ക്കാര്‍ മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപയും പ്രഖ്യാപിച്ചു. ഹരിയാനക്ക് പുറമെ ഡല്‍ഹി, പഞ്ചാബ്, ഉത്തര്‍ പ്രദേശ്, രാജ്സ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലും രാവിലെ കനത്ത മൂടല്‍മഞ്ഞുണ്ടായിരുന്നു.

Similar Posts