
അവരെ ദയയില്ലാതെ വെടിവച്ച് കൊന്നേക്ക്: വിവാദമായി കുമാരസ്വാമിയുടെ ഫോണ്‍ സംഭാഷണം
|മുഖ്യമന്ത്രിയെന്ന നിലയിലുള്ള നിര്‍ദേശമല്ല, വികാരപ്രകടനമായിരുന്നുവെന്ന് അദ്ദേഹം പിന്നീട് വിശദീകരിച്ചു.
കര്‍ണാടക മുഖ്യമന്ത്രി എച്ച്. ഡി കുമാരസ്വാമി വിവാദത്തില്‍. ജനതാദള്‍ നേതാവിന്റെ കൊലയാളികളെ വെടിവെച്ചു കൊല്ലാന്‍ കുമാരസ്വാമി ഫോണിലൂടെ നിര്‍ദ്ദേശം നല്‍കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. മുഖ്യമന്ത്രിയെന്ന നിലയിലുള്ള നിര്‍ദേശമല്ല, വികാരപ്രകടനമായിരുന്നുവെന്ന് അദ്ദേഹം പിന്നീട് വിശദീകരിച്ചു.

ജനതാദള്‍ സെക്യുലര്‍ നേതാവും കുമാരസ്വാമിയുടെ അടുത്ത സുഹൃത്തുമായിരുന്ന ഹൊന്നലഗരെ പ്രകാശ് തിങ്കളാഴ്ച കൊല്ലപ്പെട്ടിരുന്നു. മാണ്ഡ്യയിലെ സംഭവസ്ഥലം സന്ദര്‍ശിക്കുമ്പോഴാണ് കുമാരസ്വാമിയുടെ വിവാദ ഫോണ്‍ സംഭാഷണം. അക്രമികളെ നിര്‍ദയം വെടിവെച്ചു കൊല്ലാനായിരുന്നു ഫോണിലൂടെയുള്ള നിര്‍ദേശം. പൊലീസുദ്യോഗസ്ഥരോടാണ് സംസാരിച്ചതെന്നാണ് സൂചന.

വിവാദമായതോടെ കുമാരസ്വാമി വിശദീകരണവുമായി രംഗത്തെത്തി. മുഖ്യമന്ത്രിയെന്ന നിലയില്‍ ഉത്തരവ് നല്‍കിയതല്ല. നീചമായ കൃത്യത്തോട് പെട്ടെന്നുള്ള ദേഷ്യം പ്രകടിപ്പിച്ചതാണെന്ന് കുമാരസ്വാമി പിന്നീട് പറഞ്ഞു. മുഖ്യമന്ത്രിക്ക് യോജിച്ച പെരുമാറ്റമല്ലെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. മുന്‍പ് നടന്ന ഒരു കൊലപാതകത്തോടുള്ള പ്രതികാരമാണ് പ്രകാശിന്റെ കൊലയെന്നാണ് സൂചന.