
രാമക്ഷേത്രം നിര്‍മിക്കുമോ ? മോദിയുടെ മറുപടി ഇങ്ങനെ; അഭിമുഖത്തിന്റെ പൂര്‍ണരൂപം കാണാം
|കള്ളപ്പണം കൈവശം ഉള്ളവര്‍ക്ക് ഒരു വര്‍ഷം മുമ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. കള്ളപ്പണം ബാങ്കില്‍ നിക്ഷേപിക്കാമെന്നും പിഴയടച്ചാല്‍ അവര്‍ക്ക് ഇതില്‍ നിന്നും രക്ഷപെടാമെന്നുമായിരുന്നു ഉപദേശം
അയോധ്യയില്‍ രാമക്ഷേത്രത്തിനായുള്ള ഓര്‍ഡിനന്‍സ് ഇപ്പോഴില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തുടര്‍ നടപടികള്‍ സുപ്രിംകോടതി വിധിക്ക് ശേഷം മാത്രം. കേസിന്റെ വിചാരണ തടസപ്പെടുത്താന്‍ കോണ്‍ഗ്രസ് അഭിഭാഷകര്‍ ശ്രമിക്കുകയാണെന്നും മോദി ആരോപിച്ചു. എ.എന്‍.ഐ-ക്ക് അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മോദി.

അയോധ്യ വിഷയത്തില്‍ സുപ്രിംകോടതിയില്‍ കേസ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ തല്‍ക്കാലം ഒരു ഓര്‍ഡിനന്‍സിനെ കുറിച്ച് ചിന്തിക്കുന്നില്ല. നിയമനടപടികള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് വേണ്ടത് ചെയ്യും. ഇത്തരം കാര്യങ്ങള്‍ രാഷ്ട്രീയമായി കൈകാര്യം ചെയ്യരുത്. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നത് ഇനിയും വൈകിക്കരുതെന്നും അതിന് വേണമെങ്കില്‍ ഓര്‍ഡിനന്‍സ് ഇറക്കണമെന്നും ബി.ജെ.പിയിലെ ഒരു വിഭാഗവും ശിവസേന അടക്കമുള്ള കക്ഷികളും ആവശ്യം ശക്തമാക്കുന്നതിനിടെയാണ് മോദിയുടെ അഭിമുഖം പുറത്തുവന്നിരിക്കുന്നത്.

ഗാന്ധി കുടുംബത്തിനെതിരെ രൂക്ഷ വിമര്‍ശനവും അഭിമുഖത്തില്‍ നരേന്ദ്ര മോദി ഉന്നയിച്ചു. നാല് തലമുറ രാജ്യം ഭരിച്ച കുടുംബം സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്ക് കേസ് നേരിടുകയാണ്. 2019-ലേത് ജനങ്ങളും പ്രതിപക്ഷ മുന്നണിയും തമ്മിലുള്ള പോരാട്ടമാണെന്നും മോദി പറഞ്ഞു. വായ്പ എഴുതി തള്ളുന്നതു കൊണ്ട് കര്‍ഷകര്‍ക്ക് ഗുണമില്ലെന്നും മോദി പറഞ്ഞു. വായ്പ വേണ്ടാത്ത അവസ്ഥയിലേക്ക് കര്‍ഷകരെ ഉയര്‍ത്തലാണ് ലക്ഷ്യമെന്നും മോദി പറഞ്ഞു. ഛത്തീസ്‍ഗഢ്, രാജസ്ഥാന്‍, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ ബി.ജെ.പിയുടെ തോല്‍വി ഭരണവിരുദ്ധത മൂലമാണെന്നും മോദി വ്യക്തമാക്കി. പക്ഷേ അതു വലിയൊരു തോല്‍വിയായി കാണുന്നില്ലെന്നും മോദി കൂട്ടിച്ചേര്‍ത്തു. മോദി മാജിക് അവസാനിച്ചുവെന്നു പറയുന്നവര്‍, അങ്ങനൊരു മോദി മാജിക്കുണ്ടായിരുന്നുവെന്ന് ഇപ്പോള്‍ സമ്മതിച്ചു തരികയാണെന്നും മോദി പറഞ്ഞു.
അഭിമുഖത്തിന്റെ പൂര്‍ണരൂപം
നോട്ട് നിരോധനത്തേയും മോദി ന്യായീകരിച്ചു. നോട്ട് നിരോധനം അപ്രതീക്ഷിത പ്രഹരമായിരുന്നില്ല. കള്ളപ്പണം കൈവശം ഉള്ളവര്‍ക്ക് ഒരു വര്‍ഷം മുമ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. കള്ളപ്പണം ബാങ്കില്‍ നിക്ഷേപിക്കാമെന്നും പിഴയടച്ചാല്‍ അവര്‍ക്ക് ഇതില്‍ നിന്നും രക്ഷപെടാമെന്നുമായിരുന്നു ഉപദേശം. എന്നാല്‍ വളരെ കുറച്ചാളുകള്‍ മാത്രമാണ് ഈ മുന്നറിയിപ്പിനോട് പ്രതികരിച്ചത്. പലരും കരുതി മോദിയും മുന്‍ഗാമികളെ പോലെയായിരിക്കുമെന്ന്. ഊര്‍ജിത് പട്ടേല്‍ ആറു മാസം മുമ്പേ രാജി സന്നദ്ധത അറിയിച്ചിരുന്നുവെന്നും മോദി പറഞ്ഞു. രാജിക്ക് പിന്നില്‍ യാതൊരു രാഷ്ട്രീയ സമ്മര്‍ദവും ഉണ്ടായിട്ടില്ല. ആര്‍.ബി.ഐ ഗവര്‍ണര്‍ എന്ന നിലയില്‍ അദ്ദേഹം മികച്ച സേവനമാണ് കാഴ്ചവെച്ചതെന്നും മോദി കൂട്ടിച്ചേര്‍ത്തു.