< Back
India
റഫാലില്‍ പ്രക്ഷുബ്ധമായി പാര്‍ലമെന്റ്
India

റഫാലില്‍ പ്രക്ഷുബ്ധമായി പാര്‍ലമെന്റ്

Web Desk
|
4 Jan 2019 8:32 PM IST

റഫാല്‍ ഇടപാടിനെക്കുറിച്ച് ജെ.പി.സി അന്വേഷണം വേണമെന്ന കോണ്‍ഗ്രസ് ആവശ്യത്തിന്മേലായിരുന്നു സഭയില്‍ ചര്‍ച്ച നടന്നത്

റഫാല്‍ ഇടപാടിനെച്ചൊല്ലി ലോക്സഭയില്‍ നടന്നത് ചൂടേറിയ വാദപ്രതിവാദം. റിലയന്‍സിനെ ഓഫ്സെറ്റ് പങ്കാളിയാക്കിയത് പ്രധാനമന്ത്രി ഇടപെട്ടാണെന്നും പ്രതിരോധമന്ത്രി കളവിനെ ന്യായീകരിക്കുകയാണെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. കള്ളം പറയുന്നത് കോണ്‍ഗ്രസാണെന്നും ഏറ്റവും സുതാര്യവും ലാഭകരവുമായ കരാറാണ് എന്‍.ഡി.എ സര്‍ക്കാരിന്റേതെന്നും പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ അവകാശപ്പെട്ടു.

റഫാല്‍ ഇടപാടിനെക്കുറിച്ച് ജെ.പി.സി അന്വേഷണം വേണമെന്ന കോണ്‍ഗ്രസ് ആവശ്യത്തിന്മേലായിരുന്നു ചര്‍ച്ച. വിമാനത്തിന്റെ വില, എണ്ണം, ഓഫ്സെറ്റ് പങ്കാളിത്തം എന്നിവ ആരുടെ തീരുമാനമാണെന്ന് പ്രധാനമന്ത്രി നേരിട്ട് വ്യക്തമാക്കണമെന്നായിരുന്നു രാഹുലിന്റെ വെല്ലുവിളി. രണ്ടര മണിക്കൂര്‍ നീണ്ട മറുപടി പ്രസംഗത്തില്‍ യു.പി.എ കരാറിലെ പോരായ്മകളും സുപ്രീം കോടതി വിധിയും വിശദമാക്കാനാണ് പ്രതിരോധമന്ത്രി ശ്രമിച്ചത്. 526 കോടിയല്ല, 737 കോടിയാണ് യു.പി.എ കരാറിലെ അടിസ്ഥാന വില. 126 അല്ല, 18 വിമാനത്തിനാണ് കരാറൊപ്പിട്ടത്. എച്.എ.എല്ലിനെക്കുറിച്ച് മുതലക്കണ്ണീരൊഴുക്കുന്ന കോണ്‍ഗ്രസ് എന്തുകൊണ്ട് ഹെലികോപ്ടര്‍ കരാര്‍ അഗസ്ത വെസ്റ്റ്‌ലാന്‍ഡിന് നല്‍കിയെന്നും മന്ത്രി ചോദിച്ചു.

എന്‍.ഡി.എ കരാര്‍ പ്രകാരം 2019 സെപ്റ്റംബറോടെ ആദ്യ വിമാനം ഇന്ത്യയിലെത്തും. സി.എ.ജി റിപ്പോര്‍ട്ടിന്റെ പേരില്‍ സുപ്രീം കോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. കരാര്‍ റിലയന്‍സിന് കിട്ടിയതെങ്ങനെയെന്ന ചോദ്യത്തിന് മറുപടി പറയാത്തതെന്തെന്നായി രാഹുലിന്റെ മറുചോദ്യം.

കളവിനെ ന്യായീകരിക്കുകയാണെന്ന പരാമര്‍ശത്തെ വൈകാരികമായാണ് പ്രതിരോധമന്ത്രി നേരിട്ടത്. ബോഫോഴ്സ് കോണ്‍ഗ്രസിന് അധികാരം നഷ്മാക്കിയെങ്കില്‍ റഫാല്‍ ബി.ജെ.പിയെ വീണ്ടും അധികാരത്തിലേറ്റുമെന്നും മന്ത്രി പറഞ്ഞു. ജെ.പി.സി അന്വേഷണം നിരസിച്ചതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് സഭയില്‍ നിന്നിറങ്ങിപ്പോയി.

Similar Posts