< Back
India
ശബരിമല യുവതി പ്രവേശനത്തിനെതിരെ യു.ഡി.എഫ് എം.പിമാരുടെ പ്രതിഷേധം: സോണിയ ഗാന്ധിക്ക് അതൃപ്തി
India

ശബരിമല യുവതി പ്രവേശനത്തിനെതിരെ യു.ഡി.എഫ് എം.പിമാരുടെ പ്രതിഷേധം: സോണിയ ഗാന്ധിക്ക് അതൃപ്തി

Web Desk
|
4 Jan 2019 2:07 PM IST

ലിംഗസമത്വമാണ് പാർട്ടിയുടെ നയമെന്നും പ്രാദേശിക വിഷയങ്ങളിലെ പ്രതിഷേധം നാട്ടിൽ മതിയെന്നും സോണിയ ഗാന്ധി എം.പിമാരെ അറിയിച്ചു

ശബരിമല യുവതി പ്രവേശനത്തിൽ യു.ഡി.എഫ് എംപിമാർ പാര്‍ലമെന്റ് വളപ്പില്‍ പ്രതിഷേധിച്ചതിൽ യു.പി.എ അധ്യക്ഷ സോണിയ ഗാന്ധിക്ക് അതൃപ്തി. ലിംഗസമത്വമാണ് പാർട്ടിയുടെ നയമെന്നും പ്രാദേശിക വിഷയങ്ങളിലെ പ്രതിഷേധം നാട്ടിൽ മതിയെന്നും സോണിയ ഗാന്ധി എം.പിമാരെ അറിയിച്ചു. എന്നാൽ സോണിയ ഗാന്ധി ശാസിച്ചെന്ന റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമാണെന്നാണ് എം.പിമാരുടെ പ്രതികരണം.

ശബരിമല യുവതി പ്രവേശനത്തിനെതിരെ പാർലമെൻറ് വളപ്പിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ ഇന്നലെയാണ് യു.ഡി.എഫ് എം.പിമാർ പ്രതിഷേധിച്ചത്. കറുത്ത ബാഡ്ജ് അണിഞ്ഞായിരുന്നു പ്രതിഷേധം. ഇക്കാര്യത്തിൽ യു.പി.എ അധ്യക്ഷ സോണിയ ഗാന്ധി അതൃപ്തി അറിയിച്ചെന്നാണ് റിപ്പോർട്ടുകൾ. ലിംഗസമത്വമാണ് പാർട്ടിയുടെ നയം. പ്രാദേശിക വിഷയങ്ങളിലെ പ്രതിഷേധം നാട്ടിൽ മതിയെന്നും പാർലമെൻറിൽ വേണ്ടെന്നും സോണിയ ഗാന്ധി എം.പിമാരെ അറിയിച്ചു.

ശബരിമലയിൽ യുവതി പ്രവേശനത്തെ അനുകൂലിച്ചുള്ള നിലപാട് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും നേരത്തെ വ്യക്തമാക്കിയിരുന്നു. അതിനിടെ സോണിയ ഗാന്ധി അതൃപ്തി അറിയിച്ചെന്ന റിപ്പോർട്ടുകള്‍ യു.ഡി.എഫ് എം.പിമാർ തള്ളി. സോണിയ ഗാന്ധി യു.ഡി.എഫ് എം.പിമാരെ ശാസിച്ചു എന്ന വാർത്ത ഇടതു കേന്ദ്രങ്ങൾ ചമച്ചതാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞു.

Similar Posts