< Back
India
രോഹിത്ത് വെമുല സമരമിരുന്ന ‘വെളിവാട’ പൊളിച്ചു നീക്കി ഹെെദരാബാദ് സര്‍വകലാശാല അധികൃതര്‍
India

രോഹിത്ത് വെമുല സമരമിരുന്ന ‘വെളിവാട’ പൊളിച്ചു നീക്കി ഹെെദരാബാദ് സര്‍വകലാശാല അധികൃതര്‍

Web Desk
|
6 Jan 2019 3:20 PM IST

രോഹിത്ത് സ്മാരകം സ്ഥിതി ചെയ്യുന്ന ക്യാമ്പസിലെ ‘വെളിവാട’ എന്നറയിപ്പെടുന്ന പ്രദേശത്ത് സമര പരിപാടികളും പ്രതിഷേധങ്ങളും നടത്തുന്നത് മുമ്പ് സർവകലാശാല അധികൃതർ നിരോധിച്ചിരുന്നു

ദലിത് പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത വിദ്യാർഥി നേതാവ് രോഹിത് വെമുലയും സുഹൃത്തുക്കളും സമരമിരുന്നിരുന്ന ഹെെദരാബാദ് കേന്ദ്ര സർവകലാശാല ക്യാമ്പസിലെ ‘വെളിവാട’ യൂണിവേഴ്സിറ്റി അധികൃതർ പൊളിച്ചു മാറ്റി. ഇന്ന് പുലർച്ചയോടെയാണ് യൂണിവേഴ്സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാർ സമരമിരുന്ന വെളിവാടയിലെ ടെന്റ് നീക്കം ചെയ്തത്. രോഹിത്ത് വെമുലയുടെ രക്തസാക്ഷിത്വ ദിനം ആചരിക്കാന്‍ ദിവസങ്ങള്‍ ശേഷിക്കെയാണ് യൂണിവേഴ്സിറ്റി അധികൃതരുടെ നടപടി.

വി.സി അപ്പറാവുവിന്റെ നേതൃത്വത്തിലുള്ള യൂണിവേഴ്സിറ്റി അഡ്മിനിസ്ട്രേഷന്റെ പ്രതികാര നടപടിയുടെ ഭാഗമായി യൂണിവേഴ്സിറ്റിയില്‍ നിന്നും പുറത്താക്കിയ രോഹിത്ത് വെമുലയും സംഘവും സമരം ചെയ്തു വന്നിരുന്ന വെളിവാട ക്യാമ്പസിലെ സമര പോരാട്ടങ്ങളുടെ മുഖ്യ കേന്ദ്രമായിരുന്നു. രോഹിത്ത് സ്മാരകം സ്ഥിതി ചെയ്യുന്ന ക്യാമ്പസിലെ ‘വെളിവാട’ എന്നറയിപ്പെടുന്ന പ്രദേശത്ത് സമര പരിപാടികളും പ്രതിഷേധങ്ങളും നടത്തുന്നത് മുമ്പ് സർവകലാശാല അധികൃതർ നിരോധിച്ചിരുന്നു. നിലവിൽ യൂണിയൻ ഭരിക്കുന്ന എ.ബി.വി.പിയുടെ ഒത്താശയോടെ അഡ്മിനിസ്ട്രേഷൻ ടെന്റ് പൊളിച്ചു നീക്കുകയാണുണ്ടായതെന്ന് വിദ്യാർഥിക്കൾ പറഞ്ഞു. ജനുവരി പതിനേഴിന് രോഹിത്ത് രക്തസാക്ഷി ദിനം ആചരിക്കാൻ വിദ്യാർഥികൾ ഒരുക്കങ്ങൾ നടത്തി വരുന്നതിനിടെയാണ് വി.സിയുടെ നേതൃത്വത്തിലുള്ള ഈ വെല്ലുവിളി. വിഷയത്തിൽ സമര പരിപാടികളുമായി മുന്നോട്ട് പോകാനാണ് എ.എസ്.എ ഉൾപ്പെടെയുള്ള വിദ്യാർഥി സംഘടനകളുടെ തീരുമാനം.

യൂണിവേഴ്സിറ്റി വെെസ് ചാൻസലറായ അപ്പറാവുവിന്റെ നീതി നിഷേധത്തിനെതിരെ മൂന്ന് വർഷം മുമ്പാണ് എ.എസ്.എ നേതാവായ രോഹിത് വെമുല ഹോസ്റ്റൽ മുറിയിൽ ആത്മഹത്യ ചെയ്തത്. രോഹിത്തിന്റെ മരണം വലിയ പ്രക്ഷോഭത്തിനാണ് രാജ്യത്തുടനീളം തിരി കൊളുത്തിയത്.

Similar Posts