< Back
India
“പൊലീസിനെ ആക്രമിക്കൂ, കൊല്ലൂ, ഒന്നും സംഭവിക്കില്ല”; ബി.ജെ.പി നേതാവ് പ്രവര്‍ത്തകരോട്
India

“പൊലീസിനെ ആക്രമിക്കൂ, കൊല്ലൂ, ഒന്നും സംഭവിക്കില്ല”; ബി.ജെ.പി നേതാവ് പ്രവര്‍ത്തകരോട്

Web Desk
|
7 Jan 2019 11:59 AM IST

“പൊലീസില്‍ നിന്നും ഒന്നും പ്രതീക്ഷിക്കേണ്ട. നിങ്ങള്‍ അവര്‍ക്ക് നേരെ ആയുധങ്ങളെടുത്താല്‍ മാത്രമേ അവര്‍ നിങ്ങള്‍ പറയുന്നത് കേള്‍ക്കൂ”

പശ്ചിമ ബംഗാളില്‍ പൊലീസിനെ ആക്രമിക്കാന്‍ ബി.ജെ.പി ആഹ്വാനം. ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസല്ല പൊലീസാണ് എതിരാളിയെന്നാണ് നേതാക്കള്‍ അണികളോട് പറഞ്ഞത്. കലോസോന മോണ്ടല്‍, ലോകത് ചാറ്റര്‍ജി എന്നീ നേതാക്കളാണ് അക്രമത്തിന് ആഹ്വാനം ചെയ്തത്.

പൊലീസിനെ ആക്രമിച്ച് കൊന്നാല്‍ നിങ്ങള്‍ക്ക് ഒന്നും സംഭവിക്കില്ലെന്നാണ് ബിര്‍ഭും ജില്ലയില്‍ നിന്നുള്ള ബി.ജെ.പി നേതാവ് കലോസോന മോണ്ടല്‍ ജനങ്ങള്‍ക്ക് നല്‍കിയ ഉറപ്പ്. "ഈ ജില്ലയിലെ പൊലീസില്‍ നിന്നും ഒന്നും പ്രതീക്ഷിക്കേണ്ട. നിങ്ങള്‍ അവര്‍ക്ക് നേരെ ആയുധങ്ങളെടുത്താല്‍ മാത്രമേ അവര്‍ നിങ്ങള്‍ പറയുന്നത് കേള്‍ക്കൂ. തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിക്കരുത്. അവരെ തല്ലിയാല്‍ കേസുണ്ടാകും. അവര്‍ നമ്മുടെ എതിരാളികളല്ല. പൊലീസാണ് എതിരാളികള്‍. പൊലീസിനെ അടിക്കൂ, ഒന്നും സംഭവിക്കില്ല" എന്നാണ് മോണ്ടല്‍ ബി.ജെ.പി പ്രവര്‍ത്തകരോട് പറഞ്ഞത്.

പൊലീസുകാര്‍ സ്വാര്‍ഥരാണ്. അപകടത്തില്‍പ്പെട്ടാല്‍ ഒരു കാക്ക മറ്റൊരു കാക്കയെ രക്ഷിക്കും. എന്നാല്‍ പൊലീസുകാര്‍ സഹപ്രവര്‍ത്തകരെ സഹായിക്കില്ലെന്നും മോണ്ടല്‍ പറഞ്ഞു.

ബി.ജെ.പി മഹിളാ മോര്‍ച്ചാ പ്രസിഡന്റ് ലോകത് ചാറ്റര്‍ജിയും വനിതാ പ്രവര്‍ത്തകര്‍ക്ക് ആയുധമെടുക്കാന്‍ നിര്‍ദേശം നല്‍കി. ആവശ്യം വന്നാല്‍ ആയുധമെടുത്ത് അക്രമത്തിന് തയ്യാറാകൂ എന്നാണ് ലോകത് ചാറ്റര്‍ജി ആഹ്വാനം ചെയ്തത്. "നമ്മള്‍ ഭരണകൂടത്തെ ആശ്രയിക്കുകയാണെങ്കില്‍ ഭാവിയില്‍ ഒന്നും ചെയ്യാന്‍ കഴിയില്ല. കഴിഞ്ഞ ദിവസങ്ങളില്‍ ചില സംഭവങ്ങളുണ്ടായി. പൊലീസ് ഒരു നടപടിയുമെടുത്തില്ല. അതുകൊണ്ടാണ് സ്ത്രീകള്‍ ആയുധമെടുക്കണമെന്ന് ഞാന്‍ പറയുന്നത്", മഹിളാ മോര്‍ച്ച നേതാവ് വിശദമാക്കി.

Similar Posts