
തന്റെ ഭാവി കശ്മീരി യുവത്വം തീരുമാനിക്കുമെന്ന് ഷാ ഫൈസല്‍
|കഴിഞ്ഞ ദിവസം സിവില്‍ സര്‍വീസില്‍ നിന്നുള്ള രാജി പ്രഖ്യാപിച്ച ഷാ ഫൈസല്‍ ഫേസ്ബുക്കിലൂടെയാണ് ഭാവി പരിപാടികള്‍ വ്യക്തമാക്കിയത്.
തന്റെ ഭാവി കശ്മീരിലെ യുവജനത തീരുമാനിക്കുമെന്ന് സിവില്‍ സര്‍വീസില്‍ നിന്നും രാജിവെച്ച ഷാ ഫൈസല്‍. കശ്മീരികളെ കൊന്നൊടുക്കുന്നതിലും കശ്മീരില്‍ കേന്ദ്ര സര്‍ക്കാരിന്റെ ആത്മാര്‍ഥതയില്ലാത്ത നിലപാടിലും പ്രതിഷേധിച്ചാണ് ഷാ ഫൈസല്‍ ഐ.എ.എസ് ഉപേക്ഷിച്ചത്. സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ ആദ്യ കശ്മീരിയാണ് ഷാ ഫൈസല്‍.
കഴിഞ്ഞ ദിവസം സിവില്‍ സര്‍വീസില്‍ നിന്നുള്ള രാജി പ്രഖ്യാപിച്ച ഷാ ഫൈസല്‍ ഫേസ്ബുക്കിലൂടെയാണ് ഭാവി പരിപാടികള്‍ വ്യക്തമാക്കിയത്.
ഷാ ഫൈസല്‍'അധിക്ഷേപങ്ങളുടേയും പ്രശംസയുടേയും കൊടുങ്കാറ്റിലായിരുന്നു. ആയിരക്കണക്കിന് പേരാണ് അനവധി രീതിയില്‍ എന്റെ രാജിയോട് പ്രതികരിച്ചത്. അത് ഞാന്‍ പ്രതീക്ഷിച്ചതുമാണ്.
ഇപ്പോള്‍ സിവില്‍ സര്‍വീസ് വിട്ടിരിക്കുന്നു. ഭാവിയില്‍ എന്ത്, എങ്ങനെയാകുമെന്നത് കശ്മീരിലെ ജനങ്ങള്‍ എന്നില്‍ നിന്നും എന്ത് പ്രതീക്ഷിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും. പ്രധാനമായും യുവജനങ്ങള്‍. എന്തു ചെയ്യണമെന്നത് സംബന്ധിച്ച് എനിക്ക് ധാരണയുണ്ട്. നിങ്ങള്‍ക്കും ആശയങ്ങളുമുണ്ടെന്നറിയാം. അന്തിമ തീരുമാനത്തിലെത്തും മുമ്പ് നിങ്ങളുടെ ആശയങ്ങളെക്കുറിച്ചും അറിയണം.
ഫേസ്ബുക്കില്‍ നിന്നും ട്വിറ്ററില്‍ നിന്നും പുറത്തുവരാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നാളെ നമുക്ക് ശ്രീനഗറില്‍ കാണാം. നമുക്കൊരുമിച്ച് കശ്മീരിന്റെ ഭാവിയെക്കുറിച്ച് ചിന്തിക്കാം. ഫേസ്ബുക്കിലെ ലൈക്കുകളും ഷെയറുകളുമല്ല യഥാര്‍ഥ മനുഷ്യരായിരിക്കും എന്റെ മുന്‍ഗണനാക്രമം തീരുമാനിക്കുക.
വേദിയെക്കുറിച്ചും മറ്റും വഴിയേ അറിയിക്കാം. എത്രപേര്‍ പുറത്തുവന്ന് സംവദിക്കാന്‍ താത്പര്യപ്പെടുന്നുവെന്നറിയാന്‍ ആഗ്രഹമുണ്ട്. വരാന്‍ താത്പര്യമുള്ളവര്‍ കമന്റ് ബോക്‌സില്‍ യെസ് പറയൂ...
യുവജനങ്ങളോട് ഞാന്‍ ആദ്യം ചോദിച്ചില്ലെന്ന് പിന്നീടൊരിക്കലും പരാതി പറയരുത്
നന്ദി'
എന്നാണ് ഷാ ഫൈസലിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
ശ്രീനഗറില്‍ നാളെ കാണാമെന്ന് പറഞ്ഞെങ്കിലും കാലാവസ്ഥ മോശമാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് പിന്നീട് ദിവസം മാറ്റിയിട്ടുണ്ട്. എങ്കിലും വൈകാതെ യുവജനങ്ങളുമായുള്ള ഷാ ഫൈസലിന്റെ സംവാദം നടക്കുമെന്ന് തന്നെയാണ് സൂചനകള്‍.
നാഷണല്‍ കോണ്‍ഫറന്‍സില്‍ ചേര്‍ന്ന് വരുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ കശ്മീരിലെ ബാരാമുള്ള മണ്ഡലത്തില്‍ നിന്നും ഷാ ഫൈസല്‍ മത്സരിച്ചേക്കുമെന്നാണ് സൂചനകള്‍. ഷായുടെ രാജിയെ സ്വാഗതം ചെയ്ത് ജമ്മു കശ്മീര്‍ മുന്‍മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് വൈസ് പ്രസിഡന്റുമായ ഒമര്‍ അബ്ദുള്ള ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു.