< Back
India
അഴിമതി ആരോപണങ്ങള്‍ യോഗി ആദിത്യനാഥ് മന്ത്രിസഭക്ക് തലവേദനയാകുന്നു
India

അഴിമതി ആരോപണങ്ങള്‍ യോഗി ആദിത്യനാഥ് മന്ത്രിസഭക്ക് തലവേദനയാകുന്നു

Web Desk
|
10 Jan 2019 9:02 PM IST

ഖനന എക്‌സൈസ് വകുപ്പ് മന്ത്രി അര്‍ച്ചന പാണ്ഡെ, പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഓം പ്രകാശ് രാജ്ഭര്‍, വിദ്യഭ്യാസ മന്ത്രി സന്ദീപ് സിങ് എന്നിവരുടെ പേര്‍സണല്‍ സെക്രട്ടറിമാരാണ് അറസ്റ്റിലായത്.

ഉത്തര്‍പ്രദേശില്‍ പ്രതിപക്ഷത്തിന് പുതിയ ആയുധമാവുകയാണ് അഴിമതി. മൂന്ന് മന്ത്രിമാരുടെ പേഴ്‌സണല്‍ സെക്രട്ടറിമാരാണ് കഴിഞ്ഞ ദിവസം കൈക്കൂലി കേസില്‍ അറസ്റ്റിലായത്. യോഗി ആദിത്യനാഥിന്റെ അഴിമതി രഹിത ഭരണമെന്ന മുദ്രാവാക്യമാണ് ഇതോടെ തകര്‍ന്നത്.

ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥിന്റെ അഴിമതി വിരുദ്ധ മുദ്രാവാക്യത്തിന് തുടക്കം മുതല്‍ തന്നെ മങ്ങലേറ്റിരുന്നു. ബി.ജെ.പി എം.എല്‍.എ സംഗീത് സോമിനെതിരെ കടുത്ത ആരോപണങ്ങളുമായി രംഗത്ത് വന്നത് മീററ്റിലെ പാര്‍ട്ടി നേതാവായ സഞ്ജയ് പ്രധാന്‍ ആണ്. പി.ഡബ്ലു.ഡി കരാര്‍ വാങ്ങി നല്‍കാമെന്ന് പറഞ്ഞ് കൈക്കൂലി വാങ്ങിയെന്നായിരുന്നു ആരോപണം. ഇതിന് മുമ്പും സോമിനെതിരെ ആരോപണം ഉയര്‍ന്നതാണ്. പക്ഷെ നടപടിയെടുക്കാന്‍ പൊലീസ് തയ്യാറായില്ല. യോഗി ആദിത്യനാഥിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശശി പ്രകാശ് ഗോയലിനെതിരെ ഉയര്‍ന്ന അഴിമതി ആരോപണത്തിലും നടപടിയൊന്നും ഉണ്ടായില്ല.

ആരോപണങ്ങളെയൊക്കെ സംസ്ഥാന ബി.ജെ.പി നേതൃത്വവും സര്‍ക്കാരും നേരിട്ടത് യോഗി സര്‍ക്കാരിന് മേല്‍ അഴിമതിയുടെ നിഴല്‍ വീണിട്ടില്ല എന്ന വാദമുന്നയിച്ചാണ്. ഈ അവകാശവാദമാണ് മൂന്ന് മന്ത്രിമാരുടെ പേഴ്‌സണല്‍ സെക്രട്ടറിമാര്‍ അഴിമതിക്കേസില്‍ കുടുങ്ങിയതോടെ പൊളിഞ്ഞത്. ഖനന എക്‌സൈസ് വകുപ്പ് മന്ത്രി അര്‍ച്ചന പാണ്ഡെ, പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഓം പ്രകാശ് രാജ്ഭര്‍, വിദ്യഭ്യാസ മന്ത്രി സന്ദീപ് സിങ് എന്നിവരുടെ പേര്‍സണല്‍ സെക്രട്ടറിമാരാണ് അറസ്റ്റിലായത്. വിവിധ സര്‍ക്കാര്‍ കരാറുകള്‍ക്ക് പകരമായി പണം കൈപ്പറ്റുന്നത് ദേശീയ മാധ്യമത്തിന്റെ ഒളി ക്യാമറയില്‍ പതിയുകയായിരുന്നു.

സര്‍ക്കാര്‍ അഴിമതി മുക്തമാണെന്ന് ഇനിയും പറഞ്ഞ് ഫലിപ്പിക്കാന്‍ യോഗിക്കും ബി.ജെ.പിക്കും കഴിയില്ല. എസ്.പി-ബി.എസ്.പി സഖ്യത്തിന് പിന്നാലെ സംസ്ഥാന സര്‍ക്കാരിനെതിരെ ഉയരുന്ന ആരോപണങ്ങളും തിരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമോയെന്ന ആശങ്കയിലാണ് ബി.ജെ.പി നേതൃത്വം.

Similar Posts