
സി.ബി.ഐയെ തകര്‍ക്കാന്‍ ശ്രമമുണ്ടായതായി അലോക് വര്‍മ്മ; വിമര്‍ശനവുമായി മുകുള്‍ റോത്തഗി
|സി.ബി.ഐയുടെ വിശ്വാസ്യത തകര്‍ക്കാന്‍ ശ്രമങ്ങളുണ്ടായിരുന്നതായി മുന്‍ സി.ബി.ഐ ഡയറക്ടര്‍ അലോക് വര്‍മ്മ. സി.ബി.ഐയുടെ പരമാധികാരം സംരക്ഷിക്കപ്പെടേണ്ടതാണ്. ബാഹ്യഇടപെടല്‍ സി.ബി.ഐയില്‍ ഉണ്ടാകാന്‍ പാടില്ല. തന്‍റെ ശത്രുവായ ഒരാളുടെ അടിസ്ഥാനരഹിതമായ ആരോപണങ്ങളില്‍ തന്നെ നീക്കം ചെയ്തുവെന്നത് സങ്കടകരമാണെന്നും അലോക് വര്‍മ്മ വ്യക്തമാക്കി. എന്നാല്‍ അലോക് വര്‍മ്മയുടെ പ്രതികരണം അനാവശ്യമാണെന്ന് മുന്‍ എ.ജി മുകള്‍ റോത്തഗി വിമര്‍ശിച്ചു.
ഒരു ഇംഗ്ലീഷ് ദിനപത്രത്തിന് നല്‍കിയ പ്രതികരണത്തിലാണ് അലോക് വര്‍മ്മ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. സി.ബി.ഐയുടെ വിശ്വാസ്യത തകര്‍ക്കാന്‍ ശ്രമമുണ്ടായപ്പോള്‍ താന്‍ പ്രതിരോധിച്ചുവെന്നും ബാഹ്യ ഇടപെടല്‍ സി.ബി.ഐയില്‍ ഉണ്ടാകാന്‍ പാടില്ലെന്നും അലോക് വര്‍മ്മ പറഞ്ഞു. തന്‍റെ ശത്രുവായ ഒരാളുടെ അടിസ്ഥാനരഹിതമായ ആരോപണങ്ങളുടെ പുറത്ത് മാത്രമാണ് സി.വി.സി റിപ്പോര്‍ട്ട് തയ്യാറാക്കിയത്. അതിന്‍റെ അടിസ്ഥാനത്തില്‍ തന്നെ നീക്കം ചെയ്തതത് സങ്കടകരമാണെന്നും അലോക് വര്‍മ്മ പറഞ്ഞു. എന്നാല്‍ അലോക് വര്‍മ്മയെ വിമര്‍ശിച്ച് മുന്‍ എ.ജി മുകുള്‍ റോത്തഗി രംഗത്തെത്തി. പ്രധാനമന്ത്രിയും മുതിര്‍ന്ന സുപ്രീംകോടതി ജഡ്ജിയും സി.വി.സി റിപ്പോര്‍ട്ട് കണ്ട ശേഷമാണ് തീരുമാനമെടുത്തത്. അതിനാല്‍ തീരുമാനം തെറ്റെന്ന് അലോക് വര്‍മ്മ പറയുന്നതില്‍ അര്‍ത്ഥമില്ലെന്നും മുകുള്‍ റോത്തഗി പറഞ്ഞു.
സി.ബി.ഐയിലെ വിഷയത്തില്‍ അലോക് വര്‍മ്മയെക്കാല്‍ സങ്കടം രാഹുല്‍ഗാന്ധിക്കാണെന്ന് ബി.ജെ.പിയും പരിഹസിച്ചു. അഗസ്റ്റ് വെസ്റ്റ്ലാന്‍റ് ഇടപാടിലടക്കം കൃത്യമായ അന്വേഷണം നടക്കാന്‍ പോകുന്നതാണ് കോണ്‍ഗ്രസിനെ വിഷമിപ്പിക്കുന്നതെന്നും ബി.ജെ.പി വക്താവ് ജി.എല്‍ നരസിംഹറാവു പറഞ്ഞു.