< Back
India
‘നൂറു ശതമാനം നിങ്ങള്‍ക്കും കുടുംബത്തിനുമൊപ്പവും’; ജെയ്റ്റ്‍ലിക്ക് രാഹുല്‍ ഗാന്ധിയുടെ സ്നേഹ സന്ദേശം
India

‘നൂറു ശതമാനം നിങ്ങള്‍ക്കും കുടുംബത്തിനുമൊപ്പവും’; ജെയ്റ്റ്‍ലിക്ക് രാഹുല്‍ ഗാന്ധിയുടെ സ്നേഹ സന്ദേശം

Web Desk
|
16 Jan 2019 9:41 PM IST

രാഷ്ട്രീയത്തിലെ ഭിന്നതകളും ആശയ പോരാട്ടങ്ങളും മറന്ന് ഒരു സഹപ്രവര്‍ത്തകന്‍റെ രോഗാവസ്ഥയില്‍ ആശ്വാസവാക്കുകള്‍ ചൊരിയുകയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി

രാഷ്ട്രീയത്തില്‍ ആശയ, പ്രത്യയശാസ്ത്ര പോരാട്ടങ്ങള്‍ പലവിധം അരങ്ങേറാറുണ്ട്. പലപ്പോഴും അത് വാക്പോരുകളിലേക്ക് നീളാറുമുണ്ട്. പക്ഷേ മാന്യത കൈവിടാതിരിക്കുക എന്നതാണ് ഒരു നല്ല രാഷ്ട്രീയ നേതാവിനെ നിര്‍ണയിക്കുന്നതിലെ പ്രധാന ഘടകം. രാഷ്ട്രീയത്തിലെ ഭിന്നതകളും ആശയ പോരാട്ടങ്ങളും മറന്ന് ഒരു സഹപ്രവര്‍ത്തകന്‍റെ രോഗാവസ്ഥയില്‍ ആശ്വാസവാക്കുകള്‍ ചൊരിയുകയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. വൃക്കരോഗവുമായി ബന്ധപ്പെട്ട് ചികിത്സയിലുള്ള കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‍ലിക്കാണ് രാഹുല്‍ ഗാന്ധിയുടെ സ്നേഹ സന്ദേശം.

''അരുണ്‍ ജെയ്റ്റ്‍ലിയുടെ രോഗ വിവരം എന്നെ ഏറെ അസ്വസ്ഥനാക്കി. ആശയങ്ങളുടെ പേരില്‍ ഞങ്ങള്‍ അദ്ദേഹവുമായി ദിനേന എന്നോണം പടവെട്ടിയിരുന്നു. എന്നാല്‍ ഞാനും കോണ്‍ഗ്രസ് പാര്‍ട്ടിയും അദ്ദേഹത്തെ ഞങ്ങളുടെ സ്നേഹം അറിയിക്കുകയാണ്. എത്രയും വേഗം അദ്ദേഹം സുഖംപ്രാപിക്കട്ടേയെന്ന് ആശംസിക്കുന്നു. ഈ പ്രതിസന്ധി ഘട്ടത്തില്‍ ഞങ്ങള്‍ നിങ്ങള്‍ക്കും കുടുംബത്തിനുമൊപ്പവും നൂറു ശതമാനവുമുണ്ട്.'' - രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

വിദഗ്ധ ചികിത്സയ്ക്കായി ജെയ്റ്റ്‌ലി അമേരിക്കയിലേക്കു പോയിരിക്കുകയാണ്. ഏറെനാളായി വൃക്കരോഗത്തിനു ചികിത്സയിലാണ് അദ്ദേഹം. മേയിൽ ഡൽഹി എയിംസ് ആശുപത്രിയിൽ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്കു വിധേയനായിരുന്നു. തുടർന്നുള്ള പതിവുപരിശോധനയ്ക്കാണ് അമേരിക്കയിലേക്കു പോയതെന്നാണ് വിവരം. ഫെബ്രുവരി ഒന്നിന് എൻ.ഡി.എ. സർക്കാരിന്റെ അവസാന ബജറ്റ് അവതരിപ്പിക്കേണ്ടത് ജെയ്റ്റ്‌ലിയാണ്. അതിനുമുമ്പ്‌ ചികിത്സ പൂർത്തിയാക്കി അദ്ദേഹം മടങ്ങുമെന്നാണ് സൂചന. ശസ്ത്രക്രിയയ്ക്കു ശേഷം ആഗസ്റ്റിലാണ് അദ്ദേഹം തിരികെ ചുമതലയിൽ പ്രവേശിച്ചത്.

Similar Posts