
വീണ്ടും തിരിച്ചടി; മുന്‍ ബി.ജെ.പി എം.പി പാര്‍ട്ടി വിട്ടു, കാരണമിതാണ്...
|അതേസമയം, പാര്‍ട്ടി വിട്ട ശേഷമുള്ള ഭാവി പരിപാടികളെ കുറിച്ച് ഉദയ് സിങ് സൂചനകളൊന്നും നല്‍കിയിട്ടില്ല
ബിഹാറിലെ മുന്‍ ബി.ജെ.പി എം.പി ഉദയ് സിങ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. പുര്‍ണിയ മണ്ഡലത്തില്‍ നിന്ന് രണ്ടു വട്ടം ലോക്സഭയില്‍ എത്തിയ ഉദയ് സിങ്, ബി.ജെ.പിയുടെ നിലപാടുകളില്‍ പ്രതിഷേധിച്ചാണ് പുറത്തുപോയിരിക്കുന്നത്. സംസ്ഥാനത്തെ ബി.ജെ.പി നേതൃത്വം മുഖ്യമന്ത്രി നിതീഷ് കുമാറിന് മുന്നില്‍ കീഴടങ്ങിയിരിക്കുകയാണെന്ന് ഉദയ് സിങ് കുറ്റപ്പെടുത്തി.

അതേസമയം, പാര്‍ട്ടി വിട്ട ശേഷമുള്ള ഭാവി പരിപാടികളെ കുറിച്ച് ഉദയ് സിങ് സൂചനകളൊന്നും നല്‍കിയിട്ടില്ല. എന്നാല്‍ താന്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ മഹാസഖ്യത്തിനൊപ്പമുണ്ടാകുമെന്ന സൂചന നല്‍കിയിട്ടുണ്ട്. ജെ.ഡി.യു നേതാവ് നിതീഷ് കുമാര്‍ നയിക്കുന്ന സര്‍ക്കാരിന് പിന്തുണ നല്‍കിയ ബി.ജെ.പിയുടെ നടപടി പാര്‍ട്ടി പ്രവര്‍ത്തകരില്‍ ആശങ്കയും ഭയവുമുണ്ടാക്കിയെന്ന് ഉദയ് സിങ് പറഞ്ഞു. നിതീഷ് കുമാര്‍ സര്‍ക്കാരിന്റെ ജനപ്രീതി അതിവേഗം ഇടിഞ്ഞു കൊണ്ടിരിക്കുകയാണെന്നും ഉദയ് പറഞ്ഞു.

ബി.ജെ.പി നേതൃത്വത്തിന്റെ നിലപാടുകളെ കുറ്റപ്പെടുത്തിയ ഉദയ്, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പ്രശംസിക്കുകയും ചെയ്തു. താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്തുണക്കുന്നുണ്ടെങ്കിലും രാഹുലിന്റെ ജനപ്രീതി അതിവേഗം വര്‍ധിക്കുകയാണെന്നും മോദിയെ കടത്തിവെട്ടി കഴിഞ്ഞുവെന്നും ഉദയ് പറഞ്ഞു. മോദിക്ക് നല്ല ഉദ്ദേശ്യങ്ങളുണ്ടെങ്കിലും അദ്ദേഹം യാഥാര്‍ഥ്യത്തില്‍ നിന്ന് സ്വയം പിന്‍വലിയുകയാണെന്നും ഉദയ് കുറ്റപ്പെടുത്തി.

ബി.ജെ.പിയുടെ കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന ആശയത്തേയും താന്‍ പിന്തുണക്കുന്നില്ലെന്ന് ഉദയ് കൂട്ടിച്ചേര്‍ത്തു. പ്രതിപക്ഷത്തെ തുടച്ചുനീക്കി ഒരു രാജ്യത്തും ജനാധിപത്യത്തിന് നിലനില്‍ക്കാനാകില്ല. അങ്ങനെയുണ്ടായാല്‍ രാജ്യം ഏകാധിപത്യത്തിലേക്ക് തരംതാഴുമെന്നും ഉദയ് പറഞ്ഞു. ബി.ജെ.പിയുടെ ദേശീയ നേതൃത്വത്തേയും ഉദയ് നിശിതമായി വിമര്‍ശിക്കുന്നുണ്ട്. ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായെ സന്ദര്‍ശിക്കാന്‍ അത്രയേറെ ബുദ്ധിമുട്ടാണ്. ഉപേന്ദ്ര കുശ്വാഹ അമിത് ഷായെ കാണാന്‍ പലവട്ടം അനുമതി ചോദിച്ചിട്ടും ലഭിച്ചില്ല. ഒടുവിലാണ് അദ്ദേഹം എന്‍.ഡി.എ വിട്ടതെന്നും ഉദയ് പറഞ്ഞു.