< Back
India
പ്രണബ് കുമാര്‍ മുഖര്‍ജി ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് ഭാരതരത്‌ന
India

പ്രണബ് കുമാര്‍ മുഖര്‍ജി ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് ഭാരതരത്‌ന

Web Desk
|
26 Jan 2019 7:39 AM IST

മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്കും സംഗീതജ്ഞന്‍ ഭൂപന്‍ ഹസാരികക്കും ജനസംഘം നേതാവ് നാനാജി ദേശ്മുഖിനും ഭാരതരത്ന 

മുന്‍‌ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് ഭാരതരത്‌ന പുരസ്‌കാരം. ഗായകനും സംഗീതജ്ഞനുമായ ഭൂപന്‍ ഹസാരികയും ജനസംഘം നേതാവ് നാനാജി ദേശ്മുഖുമാണ് ഭാരതരത്നക്ക് അര്‍ഹരായ മറ്റ് രണ്ട് പേര്‍. ഭൂപന്‍ ഹസാരികക്കും നാനാജി ദേശ്മുഖിനും മരണാനന്തര ബഹുമതിയായാണ് പുരസ്കാരം.

ഇന്ത്യയുടെ പതിമൂന്നാമത് രാഷ്ട്രപതിയും പശ്ചിമ ഗംഗാള്‍ സ്വദേശിയുമായ പ്രണബ് കുമാര്‍ മുഖര്‍ജിക്ക് ഭാരതരത്ന നല്‍കിയേക്കുമെന്ന വാര്‍ത്തകള്‍ നേരത്തെ തന്നെ വന്നിരുന്നു. ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനി, അന്തരിച്ച ദലിത് നേതാവ് കാന്‍ഷി റാം എന്നിവരും പ്രണബ് മുഖര്‍ജിക്കൊപ്പം പട്ടികയില്‍ ഉണ്ടായിരുന്നു. മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ വിശ്വസ്തയായിരുന്നു പ്രണബ് മുഖര്‍ജി. 1969ല്‍ ആദ്യം രാജ്യസഭാംഗമായ പ്രണബ് കുമാര്‍ മുഖര്‍ജി 2004ല്‍ ലോക്സഭയിലുമെത്തി. നിരവധി സുപ്രധാന പദവികള്‍ വഹിച്ചിട്ടുണ്ട്. ഒട്ടേറെ പുസ്തകങ്ങളും രചിച്ചു.

അതേസമയം ലോക്സഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് തെരഞ്ഞെടുപ്പില്‍ ശ്രദ്ധാകേന്ദ്രമായ പശ്ചിമ ബംഗാളില്‍ നിന്നുള്ള പ്രണബ് മുഖര്‍ജിയെ തെരഞ്ഞെടുത്തതെന്ന വിമര്‍ശനവും ഉയര്‍ന്നു കഴിഞ്ഞു. നാഗ്‍പൂരിലെ ആര്‍.എസ്.എസ് ആസ്ഥാനത്ത് പരിപാടിയില്‍ പങ്കെടുത്തതും ആര്‍.എസ്.എസുമായി ബന്ധം സൂക്ഷിച്ചതും പ്രണബ് മുഖര്‍ജിയെ പരിഗണിക്കാന്‍ കാരണമായതായി രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. അസാമാന്യനായ രാഷ്ട്രതന്ത്രജ്ഞനാണ് പ്രണബ് മുഖർജിയെന്നും പുരസ്കാര ലബ്ധിയില്‍ സന്തോഷമുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചു

ഗ്രാമപ്രദേശങ്ങളുടെ വികസനത്തിന് പുതിയ മാതൃകയാണ് നാനാജി ദേശ്മുഖിന്റെ പ്രവർത്തങ്ങള്‍ കാട്ടിത്തന്നതെന്നും ഭൂപൻ ഹസാരികയുടെ സംഗീതത്തെ ഇന്ത്യയിൽ തലമുറകള്‍‌ ആരാധിച്ചുവരുന്നതായും പ്രധാനമന്ത്രി പറഞ്ഞു.

Related Tags :
Similar Posts