< Back
India
‘മോദീജി, കണക്കുകള്‍ ഞങ്ങള്‍ മനസ്സിലാക്കി തരാം’; ബി.ജെ.പി മോഡലില്‍ തൊഴിലില്ലായ്മ നിരക്ക് വരച്ചു കാട്ടി കോണ്‍ഗ്രസ്
India

‘മോദീജി, കണക്കുകള്‍ ഞങ്ങള്‍ മനസ്സിലാക്കി തരാം’; ബി.ജെ.പി മോഡലില്‍ തൊഴിലില്ലായ്മ നിരക്ക് വരച്ചു കാട്ടി കോണ്‍ഗ്രസ്

Web Desk
|
31 Jan 2019 7:37 PM IST

കേന്ദ്രസർക്കാറിന്റെ കീഴിൽ പെട്രോൾ-ഡീസൽ വിലയിലുണ്ടായ വർദ്ധന ന്യായീകരിക്കാൻ ബി.ജെ.പി ഉപയോഗിച്ച അതേ രീതിയിലാണ് ഗ്രാഫ് തയ്യാറാക്കിയത്

കുപ്രസിദ്ധമായ ‘ബി.ജെ.പി നിര്‍മ്മിത ഗ്രാഫ്’ വെച്ച് രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് വരച്ചു കാട്ടി കോൺഗ്രസ് പാർട്ടി. മോദി
ഗവൺമെന്റിന് കീഴിലുണ്ടായ തൊഴിലില്ലായ്മ നിരക്കിനെയാണ് ട്വിറ്ററിൽ പരിഹാസ രൂപേണ കോൺഗ്രസ് വിശദീകരിച്ചിരിക്കുന്നത്. നേരത്തെ, കേന്ദ്രസർക്കാറിന്റെ കീഴിൽ പെട്രോൾ-ഡീസൽ വിലയിലുണ്ടായ വർദ്ധന ന്യായീകരിക്കാൻ ബി.ജെ.പി ഉപയോഗിച്ച അതേ രീതിയിലാണ് രാജ്യത്തെ തൊഴിലില്ലായ്മ നിരക്കിലുണ്ടായ കുതിപ്പ് കോൺഗ്രസ് ചൂണ്ടി കാണിച്ചിട്ടുള്ളത്.

പ്രധാനമന്ത്രിക്ക് രാജ്യത്തെ തൊഴിലില്ലായ്മയുടെ ഗൗരവം മനസ്സിലാകാത്ത സ്ഥിതിയാണുള്ളതെന്നും, പ്രമാദമായ ഈ വിഷയം പ്രധാനമന്ത്രിയെ മനസ്സിലാക്കാൻ ‘ടിപ്പിക്കൽ ബി.ജെ.പി രീതി’ തങ്ങളിവിടെ ഉപയോഗിക്കുകയാണെന്നും സൂചിപ്പിച്ചു കൊണ്ടാണ് കോൺഗ്രസ്
ഗ്രാഫ് തയ്യാറാക്കിയിരിക്കുന്നത്. എന്തായാലും ഈ ടിപ്പിക്കൽ ബി.ജെ.പി
ഗ്രാഫ് ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ.

2011 മുതൽ 2012 വരെ രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 2.2 ശതമാനമായിരുന്നെന്ന് കാണിക്കുന്ന ഗ്രാഫ്, മോദി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം 2017-2018 കാലയളവിൽ 6.1 ശതമാനമായി ഉയർന്നതായാണ് കാണിക്കുന്നത്. ലഭ്യമായ കണക്കനുസരിച്ച് 1972 മുതലുള്ള ഏറ്റവും ഉയർന്ന തൊഴിലില്ലായ്മ നിരക്കാണിതെന്ന് ചിത്രം സൂചിപ്പിക്കുന്നു.

നേരത്തെ, ഇന്ധന വില വര്‍ദ്ധനക്കെതിരെ വിവിധ ഇടങ്ങളില്‍ നിന്നും വിമര്‍ശനം ഉയരുന്നതിനിടെ, അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടിയാണ് അശാസ്ത്രീയമായ ഗ്രാഫുമായി ബി.ജെ.പി രംഗത്തു വന്നത്. തുടര്‍ന്ന്, ആ വിചിത്ര ഗ്രാഫ് സോഷ്യല്‍ മീഡിയയിലടക്കം വലിയ ചര്‍ച്ചക്ക് വഴി വെച്ചിരുന്നു

Similar Posts