India
അയോധ്യയിൽ ഈ മാസം തന്നെ രാമക്ഷേത്രത്തിന് തറക്കല്ലിടുമെന്ന് ആവ‌ർത്തിച്ച് ഹിന്ദു സംഘടനകൾ
India

അയോധ്യയിൽ ഈ മാസം തന്നെ രാമക്ഷേത്രത്തിന് തറക്കല്ലിടുമെന്ന് ആവ‌ർത്തിച്ച് ഹിന്ദു സംഘടനകൾ

Web Desk
|
12 Feb 2019 7:46 AM IST

അയോധ്യയിൽ ഈ മാസം 21ന് തന്നെ രാമക്ഷേത്രത്തിന് തറക്കല്ലിടുമെന്ന് ആവ‌ർത്തിച്ച് ഹിന്ദു സംഘടനകൾ. സ്വാമി സ്വരൂപാനന്ദ സരസ്വതിയുടെ നേതൃത്വത്തിൽ ഒരു വിഭാഗം സന്യാസികളാണ് ഇതിനായി നീക്കങ്ങള്‍ നടത്തുന്നത്. ഈ മാസം പതിനേഴിന് പ്രയാഗ് രാജിലെ കുംഭമേളയിൽ നിന്ന് അയോധ്യയിലേക്ക് തിരിക്കുമെന്ന് സ്വാമി സ്വരൂപാനന്ദ പറഞ്ഞു.

ബാബരി മസ്ജിദ് ഭൂ തർക്ക കേസ് സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെയാണ്, രാമക്ഷേത്രത്തിനായുള്ള സംഘ്പരിവാർ സംഘടനകളുടെയും സന്യാസിമാരുടെയും വിവിധ തരം നീക്കങ്ങൾ. വി.എച്ച്.പി നടത്തുന്ന നീക്കങ്ങളോട് നേരത്തേ മുതൽ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തിയ സ്വാമി സ്വരൂപാനന്ദയാണ് ഒടുവിൽ നിലപാട് കടുപ്പിച്ച് വീണ്ടും രംഗത്തെത്തിയത്. അയോധ്യയിൽ ഈ മാസം തറക്കല്ലിടുമെന്ന് കുംഭമേളയ്ക്കിടെ നടന്ന സന്യാസ യോഗത്തിൽ വച്ച് നേരത്തെ തന്നെ ഇദ്ദേഹം പ്രഖ്യാപിച്ചിരുന്നു. ഇക്കാര്യം ആവർത്തിച്ച സ്വരൂപാനന്ദ, ഈ മാസം 17 ന് അയോധ്യയിലേക്ക് യാത്ര ആരംഭിക്കുമെന്നും പറഞ്ഞു.

ലോക്സഭയിൽ തികഞ്ഞ ഭൂരിപക്ഷമുണ്ടായിട്ടും അയോധ്യയിൽ രാമ ക്ഷേത്രം നിർമ്മിക്കാനാവശ്യമായ നിയമം നിർമ്മിക്കാൻ ശ്രമിക്കാത്തത് സർക്കാർ പിടിപ്പ് കേടാണെന്നും സ്വരൂപാനന്ദ വിമർശിക്കുന്നു. ബാബരി മസ്ജിദ് നില നിന്നിരുന്ന 2.77 ഏക്കർ ഭൂമിക്ക് ചുറ്റുമുള്ള 67 ഏക്കർ ഭൂമി സർക്കാർ നേരത്തെ ഏറ്റെടുത്തിരുന്നു. ഇത് ഉടമസ്ഥർക്ക് തിരിച്ചു കൊടുക്കണമെന്ന സർക്കാർ നിലപാട് ദുരൂഹമാണെന്നും സ്വരൂപാനന്ദ അടക്കമുള്ള സന്യാസിമാർ ആരോപിച്ചിരുന്നു.

Similar Posts