< Back
India
മഹാരാഷ്ട്ര സര്‍ക്കാരിന്റെ വാഗ്ദാന ലംഘനം; കര്‍ഷകര്‍ രണ്ടാം ലോങ് മാര്‍ച്ചിന്
India

മഹാരാഷ്ട്ര സര്‍ക്കാരിന്റെ വാഗ്ദാന ലംഘനം; കര്‍ഷകര്‍ രണ്ടാം ലോങ് മാര്‍ച്ചിന്

Web Desk
|
20 Feb 2019 11:57 AM IST

ഇന്ന് നാസിക്കില്‍ ആരംഭിക്കുന്ന മാര്‍ച്ച് ഈ മാസം 27 ന് മുംബൈയില്‍ എത്തും. സമരം ഇന്ന് ആരംഭിക്കാനിരിക്കെ കര്‍ഷക സംഘടന നേതാക്കളില്‍ പലരെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുകയാണ്.

മഹാരാഷ്ട്ര സര്‍ക്കാരിന്റെ വാഗാദാന ലംഘനത്തിനെതിരെ ലോങ് മാര്‍ച്ചുമായി വീണ്ടും കര്‍ഷകര്‍. കഴിഞ്ഞ വര്‍ഷം നടത്തിയ ലോങ്മാര്‍ച്ചിന് പിന്നാലെ സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കാത്തതിനെ തുടര്‍ന്നാണ് ലോങ്മാര്‍ച്ചിന് വീണ്ടും കര്‍ഷര്‍ തയ്യാറെടുക്കുന്നത്. അതിനിടെ ഇന്ന് നാസികില്‍ നിന്ന് മാര്‍ച്ച് ആരംഭിക്കാനിരിക്കെ പ്രധാന നേതാക്കളെയെല്ലാം പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

രാജ്യത്തെ കര്‍ഷകരോഷത്തെ പ്രതിഫലിച്ച സമീപകാലത്തെ ഐതിഹാസിക സമരങ്ങളില്‍ ഏറ്റവും ശക്തമായത് ഓള്‍ ഇന്ത്യ കിസാന്‍ സഭയുടെ ലോങ് മാര്‍ച്ചായിരുന്നു. 2018ല്‍ നടത്തിയ ലോങ് മാര്‍ച്ച് ആരംഭിച്ചത് മുപ്പതിനായിരം കര്‍ഷകരായിട്ടാണെങ്കിലും ക്രമേണ കര്‍ഷകര്‍ സമരത്തിലേക്ക് വന്ന് ചേരുകയും അവസാനിക്കുമ്പോള്‍ ഒരു ലക്ഷത്തോളം പേരായി മാറുകയും ചെയ്തു.

സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുക, താങ്ങുവില ഉറപ്പാക്കുക തുടങ്ങി എട്ട് ആവശ്യങ്ങളായിരുന്നു ലോങ്മാര്‍ച്ചില്‍ കര്‍ഷകര്‍ ഉയര്‍ത്തിയത്. കര്‍ഷകരുടെ ആവശ്യങ്ങള്‍ സംബന്ധിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍ ഉറപ്പ് നല്‍കിയെങ്കിലും അത് പാലിക്കപ്പെട്ടില്ല. ഇതിനെ തുടര്‍ന്നാണ് രണ്ടാം ലോങ് മാര്‍ച്ച് ഓള്‍ ഇന്ത്യ കിസാന്‍ സഭ പ്രഖ്യാപിച്ചത്. ഇന്ന് നാസിക്കില്‍ ആരംഭിക്കുന്ന മാര്‍ച്ച് ഈ മാസം 27 ന് മുംബൈയില്‍ എത്തും. ഒരു ലക്ഷത്തിനടുത്ത് കര്‍ഷകര്‍ സമരത്തില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

എന്നാല്‍ സമരം ഇന്ന് ആരംഭിക്കാനിരിക്കെ കര്‍ഷക സംഘടന നേതാക്കളില്‍ പലരെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുകയാണ്. സമരത്തെ തകര്‍ക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന വിമര്‍ശനമാണ് ഓള്‍ ഇന്ത്യ കിസാന്‍ സഭ ഉയര്‍ത്തുന്നത്.

Similar Posts