< Back
India
അസമില്‍ വ്യാജമദ്യ ദുരന്തം: മരിച്ചവരുടെ എണ്ണം 80 ആയി
India

അസമില്‍ വ്യാജമദ്യ ദുരന്തം: മരിച്ചവരുടെ എണ്ണം 80 ആയി

Web Desk
|
23 Feb 2019 7:44 PM IST

ചികിത്സയില്‍ കഴിയുന്ന പലരുടെയും നില ഗുരുതരമാണ്

അസമിലുണ്ടായ വ്യാജമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 80 ആയി. അസമിലെ സാല്‍മാരാ തേയില തോട്ടത്തിലെ തൊഴിലാളികളാണ് മരിച്ചത്. ചികിത്സയില്‍ കഴിയുന്ന പലരുടെയും നില ഗുരുതരമാണെന്ന് എക്സൈസ് വകുപ്പ് അറിയിച്ചു. സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

വ്യാജമദ്യ ദുരന്തത്തില്‍ 99 പേര്‍ ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും മരിച്ചതിന് പിന്നാലെയാണ് അസമിലും മദ്യദുരന്തം റിപ്പോര്‍ട്ട് ചെയ്യുന്നത്. സല്‍മാരാ തേയിലതോട്ടത്തിന് അടുത്ത് അനധികൃതമായ ഉണ്ടാക്കിയ മദ്യം കഴിച്ച തൊഴിലാളികളാണ് മരിച്ചത്. അസം തലസ്ഥാനമായ ഗുവാഹട്ടിക്ക് 310 കിലോമീറ്റര്‍ അകലെയാണ് മദ്യദുരന്തമുണ്ടായ സ്ഥലം. മദ്യമുണ്ടാക്കിയ കടയുടെ ഉടമകളായ രണ്ട് പേരെ പോലീസ് ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതികളായ മറ്റുള്ളവര്‍ക്കായി ലുക്കൌട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. വിശദമായ അന്വേഷണത്തിന് അസം സര്‍ക്കാര്‍ ഉത്തരവിട്ടു.

വീഴ്ച വരുത്തിയെന്ന് ആരോപിച്ച് പ്രദേശത്തെ രണ്ട് എക്സൈസ് ഉദ്യോഗസ്ഥരെയും സര്‍ക്കാര്‍ സസ്പെന്‍റ് ചെയ്തു. വില്‍പ്പന നടത്തിയ ഒരു അമ്മയും മകനും മദ്യദുരന്തത്തില്‍ മരിച്ചവരില്‍ ഉള്‍പ്പെടുന്നു. ഇതിനിടെ വ്യാജമദ്യ ദുരന്തത്തില്‍ സംസ്ഥാനത്തെ എക്സൈസ് വകുപ്പിനെതിരെ വിമര്‍ശനം ഉന്നയിച്ച സാമൂഹ്യപ്രവര്‍ത്തകനായ പ്രബിന്‍ ദാസിനെ ബി.ജെ.പി പ്രവര്‍ത്തര്‍ മര്‍ദ്ദിച്ചതായി ആരോപണമുണ്ട്. മരിച്ചവരുടെ കുടുംബത്തിന് ധനസഹായം നല്‍കണമെന്ന് അസം ഗണപരിഷത്ത് ആവശ്യപ്പെട്ടു.

Similar Posts